ഒട്ടാവ: കാനഡയിൽ വീടുകൾ വാങ്ങുന്നതിൽനിന്നു വിദേശികളെ വിലക്കി കനേഡിയൻ സർക്കാർ.
നിരോധനം പുതുവത്സരദിനം മുതൽ പ്രാബല്യത്തിൽ വന്നു. കോവിഡ് ആരംഭിച്ചതു മുതൽ വീടുകളുടെ വില കാനഡയിൽ വൻതോതിൽ ഉയർന്നിരുന്നു.
വിദേശ നിക്ഷേപകർ ഇതോടെ വീടുകൾ വാങ്ങിക്കൂട്ടാൻ തുടങ്ങി. വില വീണ്ടും ഉയരാൻ ഇതിടയാക്കി.
കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെ വിലയിരുത്തൽ പ്രകാരം രാജ്യത്തെ ശരാശരി ഭവനവില 800,000 കനേഡിയൻ ഡോളറിന് (6.48 കോടി രൂപ) മുകളിലെത്തി. വീട് വില അനിയന്ത്രിതമായി ഉയർന്നതോടെയാണ് സർക്കാർ ഇടപെടൽ.
2021 ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വീടുകളുടെ വില കുതിച്ചുയരുന്നത് വിഷയമായിരുന്നു.
ഉപയോഗശൂന്യവും ഒഴിഞ്ഞുകിടക്കുന്നതുമായ ഭവനങ്ങൾ നിക്ഷേപകർക്കുള്ളതല്ല പകരം വീടുകൾ ആവശ്യമുള്ള കാനഡക്കാർക്കുള്ളതായിരിക്കുമെന്ന ആശയമാണ് ഇലക്ഷൻ കാന്പയിനിൽ ഉയർന്നത്.
രാജ്യത്തെ ഹൗസിംഗ് ഏജൻസി റിപ്പോർട്ട് പ്രകാരം 2030 ഓടെ കാനഡയിൽ ഏകദേശം 19 ദശലക്ഷം വീടുകളുടെ ആവശ്യകത ഉണ്ടാകുമെന്നാണ്.
അതേസമയം, നിരോധനം നഗരങ്ങളിലെ വാസസ്ഥലങ്ങൾക്ക് മാത്രമേ നിലവിൽ ബാധകമാകൂ എന്നും വേനൽക്കാല കോട്ടേജുകൾ പോലുള്ള വിനോദവസ്തുക്കൾക്ക് ബാധകമല്ലെന്നും കനേഡിയൻ സർക്കാർ വ്യക്തമാക്കി.