ന്യൂയോർക്ക്: ഖലിസ്ഥാൻവാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്നു രൂപപ്പെട്ട ഇന്ത്യ-കാനഡ നയതന്ത്രത്തർക്കത്തിൽ കാനഡയ്ക്കു പിന്തുണ കുറവ്.
കാനഡ ആഗ്രഹിക്കുന്ന രീതിയിലുള്ള പിന്തുണ സഖ്യകകക്ഷികളായ പല പാശ്ചാത്യ രാജ്യങ്ങളിൽനിന്നും ലഭിച്ചില്ലെന്നു മാത്രമല്ല, തണുത്ത പ്രതികരണമാണ് അവരിൽനിന്ന് ഉണ്ടായത്. അതിനിടെ കാനഡയിലെ പ്രതിപക്ഷവും തീവ്രവാദികളായ സിഖ് നേതാക്കളെ തള്ളി രംഗത്തുവന്നു.
ഇന്ത്യ-കാനഡ തർക്കവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ ക്വാഡ് രാഷ്ട്രങ്ങൾ അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമെന്നു ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിൽ വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമർശിച്ചുമുള്ള പ്രസ്താവന പുറത്തിറക്കിയത്.
ഭീകരവാദികൾക്ക് മറ്റ് രാജ്യങ്ങൾ ഒളിത്താവളങ്ങൾ നൽകുന്നതും ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാൻ സമഗ്രമായ നടപടികൾ തുടരുമെന്നും അംഗ രാഷ്ട്രങ്ങൾ വ്യക്തമാക്കി.
ഇന്ത്യ കാനഡ നയതന്ത്ര തർക്കം രൂക്ഷമായി തുടരവേ സാഹചര്യം നിരീക്ഷിക്കുകയാണെന്നായിരുന്നു യുകെയുടെ പ്രതികരണം.
ഇന്ത്യയുടെ പ്രതിഷേധക്കുറിപ്പും ഇന്ത്യ സ്വീകരിച്ച നടപടികളും മറ്റ് രാഷ്ട്രങ്ങളെ വിഷയത്തിൽ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചതായാണ് അറിയുന്നത്.
ഭരണം നിലനിർത്താനുള്ള ആഭ്യന്തര സമ്മർദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരേ തിരിയാൻ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തലും പല രാജ്യങ്ങൾക്കുമുണ്ട്.
സിഖ് നേതാവ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നിർണായക പിന്തുണ ഉറപ്പിക്കാനാണ് ട്രൂഡോ ഇന്ത്യക്കെതിരേ തിരിഞ്ഞതെന്നാണ് പല രാജ്യങ്ങളും വിശ്വസിക്കുന്നത്.
ഇന്ത്യക്കാരായ ഹിന്ദുക്കള്‍ കാനഡ വിട്ടു പോകണമെന്ന പ്രകോപന പ്രസ്താവന നടത്തിയ സിഖ്സ് ഫോര്‍ ജസ്റ്റീസ് തലവന്‍ ഗുര്‍പത് വന്ത് സിംഗിനെ കാനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയറേ പൊയീവ് തള്ളിപ്പറഞ്ഞു.
ഹിന്ദു സമൂഹം എവിടെയും പോകില്ലെന്നും കാനഡ എന്നും അവര്‍ക്കൊപ്പമുണ്ടാകുമെന്നും പിയറേ പൊയീവ് വ്യക്തമാക്കി. കാനഡയുടെ വികസനത്തിന് ഹിന്ദു സമൂഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും പിയറേ പൊയീവ് പറഞ്ഞു.