തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവിനെ സിറ്റി ഷാഡോ പോലീസ് പിടികൂടി. കൊല്ലം, ചിതറ മാങ്കോട് പേഴുംമൂട് വീട്ടിൽ നിന്നും പട്ടം, പ്ലാമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അലി അൻസാരി റാവുത്തറിനെ (25) യാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
കാനഡയിൽ ഉയർന്ന ശന്പളത്തിൽ ജോലി വാഗ്ദാനം നൽകിയാണ് തിരുനെൽവേലി സ്വദേശി ഡൈനിഷിനെ യും, കന്യാകുമാരി സ്വദേശി ആരോഗ്യത്തിനെയുമാണ് ഇയാൾ കബളിപ്പിച്ചത്.
കാനഡയിൽ ഇയാൾക്ക് സുഹൃത്തുക്കളുണ്ടെന്നും അവർ മുഖാന്തിരം ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നും ഇരുവരെയും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ ഇവർ രണ്ടു പേരിൽ നിന്നുമായി പലപ്പോഴായി നാല് ലക്ഷത്തോളം രൂപ വാങ്ങിയത്. തുടർന്ന് ഇവർ വിളിക്കുന്പോൾ പല കാരണങ്ങൾ പറഞ്ഞുഒഴിവാക്കുകയും, മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളയുകയും ചെയ്തു.
ഇതിനെ തുടർന്ന് യുവാക്കൾ സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശിന് നൽകിയ പരാതിയെ തുടർന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പോങ്ങുമ്മൂട് ഭാഗത്ത് ഒളിവിൽ കഴിയവെ ഇയാൾ പിടിയിലായത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഇയാൾ കൂടുതൽ നടത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.
കണ്ട്രോൾ റൂം ഏസി വി.സുരേഷ് കുമാർ, മെഡിക്കൽ കോളജ് സിഐ ബിനു, എസ്ഐ ഗിരിലാൽ, ഷാഡോ എസ്ഐ സുനിൽ ലാൽ ,ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.