ബ്രാംപ്ടൺ: കാനഡ ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച് ഖലിസ്ഥാൻ തീവ്രവാദികൾ. ബ്രാംപ്ടണിലെ ഹിന്ദു മഹാസഭ ക്ഷേത്രത്തിനുനേരേയാണ് ആക്രമണം ഉണ്ടായത്. ഒരുപറ്റം ആളുകൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ക്ഷേത്രത്തിനകത്തേക്കു പ്രവേശിക്കുകയും ക്ഷേത്ര കവാടത്തിൽ നിന്ന ഭക്തരെയും ഇന്ത്യയുടെ പതാക ഏന്തിയ ആളുകളെയും മർദിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ നിരവധി വിശ്വാസികൾക്കു പരിക്കേറ്റു.
എന്നാൽ പ്രതിഷേധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പീൽ റീജനൽ പോലീസ് പറഞ്ഞു. കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡം പ്രകാരം പ്രതിഷേധിക്കാനുള്ള വ്യക്തിഗത അവകാശത്തെ തങ്ങൾ മാനിക്കുന്നുണ്ടെങ്കിലും, പൊതുക്രമം നിലനിർത്തുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിൽ നടന്ന ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് ഫെഡറൽ മന്ത്രി അനിത ആനന്ദ് എക്സിൽ കുറിച്ചു.‘ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മതങ്ങൾക്കും ആരാധനാലയങ്ങൾ സന്ദർശിക്കാനും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാനും അവകാശമുണ്ട്’ എന്നും അവർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
അതേസമയം, അക്രമത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം കാനഡയിൽ അടിസ്ഥാന മൂല്യമാണ്. എല്ലാവരും അവരവരുടെ ആരാധനാലയങ്ങളിൽ സുരക്ഷിതത്വം അനുഭവിക്കണമെന്നും ബ്രൗൺ എക്സിൽ പ്രതികരിച്ചു.
നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നതുൾപ്പെടെ ഇന്ത്യയും കാനഡയും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടരുന്നതിനിടയിലാണ് അക്രമം. നേരത്തെ വിൻഡ്സറിലെ ഹിന്ദു ക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതു വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മിസിസാഗയിലെ ക്ഷേത്രത്തിലും സമാന നീക്കം നടന്നിരുന്നു.