തൊടുപുഴ: കാനഡയിൽ ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിപ്പു നടത്തിയതിനു വൻ ശ്രൃംഖലയെന്ന് സൂചന. മൂന്നരക്കോടിയോളം രൂപ 66 പേരിൽ നിന്നും തട്ടിയെടുത്തതായാണ് പരാതി. കേരളത്തിലെ പല ഭാഗത്തു നിന്നുമുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് തട്ടിപ്പിനിരയായത്.
ഏഴു ലക്ഷം രൂപ വരെ നഷ്ടമായവരുണ്ട്. കിടപ്പാടം പണയം വച്ചും മറ്റും നൽകിയ പണമാണ് പലരുടെയും നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് വള്ളക്കടവ് കടമാക്കുഴിയിൽ കണ്ടത്തിൽ അന്നമ്മ ജോർജിനെ ( സിനി -36) പ്രധാന പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷൻസ് കോടതി ജഡ്ജി മുഹമ്മദ് വസീം തളളിയിരുന്നു. ഇതിനു ശേഷവും കട്ടപ്പനയിൽ വന്നു പോയ ഇവരെ പോലീസ് അറസ്റ്റു ചെയ്തിട്ടില്ല.
കാൽവരിമൗണ്ട് എട്ടാംമൈൽ സ്വദേശി അജിൻ അപ്പുക്കുട്ടൻ, കട്ടപ്പന സ്വദശികളായ ശരത്ശങ്കർ, മാത്യു അലക്സ എന്നിവരുൾപ്പെടെ 11 പേരാണ് കട്ടപ്പന , രാജാക്കാട് പോലീസ് സ്റ്റേഷനുകളിലായി പരാതി നൽകിയിരിക്കുന്നത്. കണ്ണൂർ, പാല , അങ്കമാലി, ചാലക്കുടി സ്വദേശികളും തട്ടിപ്പിനിരയായിട്ടുണ്ട്.
കാനഡയിലെ പെട്രോ കന്പനിയിൽ സൂപ്പർവൈസറായി ജോലി നൽകാമെന്നു വാഗ്ദാനം ചെയ്താണ് അന്നമ്മ പലരിൽ നിന്നും പണം വാങ്ങിയത്. അജിനിൽ നിന്നും 7,10,000 രൂപ വാങ്ങിയതായാണ് പരാതി. ഇന്ത്യയിൽ നിന്നും നേരിട്ടു വിസ ലഭിക്കാത്തതിനാൽ ഖത്തർ വഴി കാനഡയിലേക്ക് പോകാമെന്നാണ് ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചിരുന്നത്. ഭർത്താവ് കാനഡയിൽ ജോലി ചെയ്യുകയാണെന്നും ഇവരെ അന്നമ്മ ധരിപ്പിച്ചിരുന്നു.
സെപ്റ്റംബർ 22, 23 തീയതികളിലായി കേരളത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾ നെടുന്പാശേരി വഴി ഖത്തറിലെത്തി. പിന്നീട് 24 ന് 17 പേരടുങ്ങുന്ന സംഘവുമായി അന്നമ്മയും നെടുന്പാശേരിയിലെത്തി. എന്നാൽ എമി്രഗേഷനിൽ സംശയം തോന്നിയ എയർപോർട്ട് അധികൃതർ അന്നമ്മയെ തടഞ്ഞ് തിരിച്ചയയച്ചു. മറ്റുള്ളവർ ദോഹയിലെത്തുകയും ചെയ്തു. ഇവിടെ ഒരു വില്ലയിൽ കൊണ്ടുപോയി താമസിപ്പിച്ചു വിസ ശരിയായിട്ടുണ്ടെന്നു പറഞ്ഞ് കൈയിലുണ്ടായിരുന്ന കനേഡിയൻ ഡോളറും പാസ്പോർട്ടുകളും ഫോട്ടോയും സംഘം വാങ്ങുകയും ചെയ്തു.
പിന്നീട് ഖത്തറിൽ എത്തിയവർക്ക് പെർമിറ്റ് കിട്ടുവാൻ താമസമുണ്ടെന്നു അന്നമ്മ അറിയിച്ചു. പിന്നീട് രോഹിത് ചതിച്ചുവെന്നും കാനഡയ്ക്ക് പോകാൻ കഴിയില്ലെന്നും അറിയിച്ചു. ഇതിനിടെ കെണിയിൽപ്പെട്ട ചിലർ സ്വന്തം പണം മുടക്കി നാട്ടിലേക്ക് മടങ്ങി.
അന്നമ്മ ചതിക്കുകയാണെന്ന് മനസിലായപ്പോൾ മറ്റുള്ളവർ ഖത്തറിലെ ഇൻഡ്യൻ എംബസിയിൽ ചെന്ന് പരാതിപ്പെട്ടു. തുടർന്ന് എംബസിയുടെ സഹായത്തോടെ ഇവരെ തിരികെ കയറ്റിയയക്കുകയായിരുന്നു. പിന്നീട് വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അന്നമ്മ അത് നൽകാതെ പല അവധികളും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് പണം നഷ്ടപ്പെട്ടവർ പോലീസിൽ പരാതി നൽകിയത്.