തളിപ്പറമ്പ്: കാനഡയിലേക്ക് വീസ വാഗ്ദാനം ചെയ്ത് നൂറിലേറെ പേരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത ചെന്നൈ സ്വദേശിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു. മലയാളികളായ അഞ്ചുപേരും ഇവരുടെ തട്ടിപ്പിനിരയായി. കോടികള്‍ അടിച്ചുമാറ്റിയ സംഘം ഓഫീസ് അടച്ചുപൂട്ടിയെങ്കിലും പരാതിയുമായി എത്തിയവരോട് ചെന്നൈ പോലീസിന്റെ സമീപനം സംശയാസ്പദമെന്ന് ആരോപണം.
ഓണ്‍ലൈന്‍ വഴിയാണ് കാനഡയിലെ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ഒഴിവുകളുണ്ടെന്നറിഞ്ഞ് നിരവധി പേര് അപേക്ഷ നല്‍കിയത്. ഫ്യൂജി പോര്‍ഷന്‍ ട്രാഗര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെന്നൈ അശോക്നഗറില്‍ കല്യാണി ടവര്‍ സെക്കൻഡ് അവന്യൂവിലെ ഡിസാറ്റ് അനലറ്റിക്സ് എന്ന റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലാണ് പരാതി. തട്ടിപ്പിനിരയായ കുറ്റ്യേരി തലോറയിലെ പി.രഞ്ജിത്താണ് ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കിയത്.
2017 നവംബറിലാണ് ഓണ്‍ലൈനില്‍ ഒഴിവുകളുണ്ടെന്ന അറിയിപ്പ് കണ്ട് രഞ്ജിത്ത് ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടത്. വിവരങ്ങളറിയാന്‍ നേരില്‍ വരണമെന്ന് പറഞ്ഞത് പ്രകാരം ചെന്നൈ ഓഫീസിലെത്തിയ രഞ്ജിത്ത് ഉള്‍പ്പെടെയുള്ളവരോട് 11,000 രൂപ രജിസ്ട്രേഷന് ഇനത്തില്‍ ഈടാക്കി. പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടെന്നും അതിന് തയാറാകണെമെന്നും അറിയിച്ചാണ് ഇവരെ നാട്ടിലേക്കയച്ചത്.
പിന്നീട് ജോലിക്കുള്ള അറിയിപ്പ് വന്നിട്ടുണ്ടെന്നും പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കുന്നതിന് മുമ്പ് രണ്ട് ലക്ഷം രൂപ അടക്കണമെന്നും പരീക്ഷയില്‍ തോറ്റാല്‍ തിരികെ നല്‍കുമെന്നും അറിയിച്ചു. അത്പ്രകാരം ചെന്നൈയിലെത്തിയവരില്‍ 90 ശതമാനവും പരീക്ഷയില്‍ തോറ്റതിനാല്‍ അടച്ച പണം തിരികെ ചോദിച്ചു. ഒരാഴ്ച്ചക്ക് ശേഷം വരാനറിയിച്ച അധികൃതര്‍ നല്കിയ ചെക്ക് പണമില്ലാതെ മടങ്ങിയതിനെ തുടര്‍ന്ന് വീണ്ടും ചെന്നൈയിലെത്തിയപ്പോഴേക്കും ഓഫീസ് അടച്ചുപൂട്ടിയ നിലയിലായിരുന്നു.
തേനി സ്വദേശിയായ യുവാവാണ് സ്ഥാപനം നടത്തിയിരുന്നത്. തമിഴ്നാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. തൊടുപുഴ എടത്തില്‍ ഹൗസിലെ എബിന് സെബാസ്റ്റ്യന്‍, പത്തനംതിട്ട ചാത്തന്‍തറയിലെ സജികുമാര്‍, തൃശൂര്‍ വാഴപ്പിള്ളിയിലെ സിബി ജോണ്സണ്, ചന്ദനക്കാംപാറയിലെ കുരിശുമൂട്ടില്‍ ഷൈജു കെ.ആന്റണി എന്നിവരും ഈ സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്.
രണ്ടുലക്ഷത്തി പതിനൊന്നായിരം രൂപയ്ക്ക് പുറമെ പത്തുതവണയിലധികം ചെന്നൈയിലേക്ക് പോയതിന് ഒരുലക്ഷത്തിലേറെ രൂപയും ഇവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. തട്ടിപ്പ് നടത്തിയ സംഘം പുതിയ പേരില്‍ ഇത്തരം തട്ടിപ്പ്കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും ചെന്നൈയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഇവരെ പോലീസിന്റെ നിസഹകരണം കാരണം കണ്ടെത്താനാവുന്നില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്.