കണ്ണൂർ: കാനഡയിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി സി.എച്ച്. സുധീറി (42) നെയാണ് കണ്ണൂരിലെ ഒരു സ്വകാര്യ ലോഡ്ജിൽ വച്ച് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്.
കാനഡയിലേക്ക് ജോലി ശരിയാക്കിതരാമെന്ന് പറഞ്ഞ് കൊറ്റാളിയിലെ ഷൽഡൻ റോയിയുടെ പക്കലിൽനിന്നം രണ്ട്ഘട്ടമായി 4,60,000 രൂപ വാങ്ങുകയും പണമോ വീസയോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. 2018 ജനുവരിയിൽ രണ്ട് ലക്ഷം രൂപ പ ണമായും 2,60,000 രൂപ കനാറ ബാങ്കിന്റെ ചെക്കും നൽകിയെന്നും പിന്നീട് ഇയാൾ വിസയോ പണമോ നൽകാതെ മുങ്ങിനടക്കുകയായിരുന്നു. തുടർന്നാണ് ഷൽഡൻ റോയി ടൗൺ പോലീസിൽ പരാതി നൽകിയത്.
ഇന്നലെ രാത്രി കാൽടെക്സിലെ ഒരു സ്വകാര്യ ലോഡ്ജിൽ എത്തിയെന്ന് മനസിലാക്കിയ പോലീസ് ഇയാളെ തന്ത്രപൂർവം കുടുക്കുകയായിരുന്നു. ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി കാനഡയിലേക്ക് വീസ ആവശ്യപ്പെട്ട് സുധീറിനെ ഫോൺ വിളിച്ചു.
മുൻകൂറായി കുറച്ച് പണവുമായി എത്തിയാൽ വീസ നൽകാമെന്നും സുധീർ അറിയിച്ചു. തുടർന്ന് വേഷം മാറി ലോഡ്ജിലെത്തിയ പോലീസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.