ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര പോര് മുറുകുന്നതിനിടെ കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി കൊല്ലപ്പെട്ടു. സുഖ ദുന്‍ഖെ എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിംഗ് ആണ് വെടിയേറ്റ് മരിച്ചത്.
ഖാലിസ്ഥാന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇയാള്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. ഇന്ത്യയിലെ വിവിധ കേസുകളില്‍ പ്രതിയാണ് സുഖ ദുന്‍ഖെ. ഇയാളെ വിട്ടുതരണമെന്ന് നേരത്തെ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ ഇന്ത്യയില്‍നിന്ന് കാനഡയിലേക്ക് പോയത് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണെന്നാണ് സൂചന.
നിജ്ജാറിന്റെ കൊലപാതകം രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഉണ്ടായതാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനേഡിയന്‍ പ്രസിഡന്റ് ജസ്റ്റീന്‍ ട്രൂഡോ പാര്‍ലമെന്റിൽ ആരോപിക്കുകയായിരുന്നു.
അതേസമയം, ഖലിസ്ഥാൻ ഭീകരരുടെയും അവരുമായി ബന്ധമുള്ളവരുടെയും പട്ടിക ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പുറത്തുവിട്ടു. 43 പേരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്.
നിലവിൽ ഇവരിൽ പലരും കാനഡയിലാണുള്ളത്. ഇവരുടെ സ്വത്തുക്കളെക്കുറിച്ചും വസ്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറണമെന്നു ജനങ്ങളോട് എന്‍ഐഎ ആവശ്യപ്പെട്ടു.
സിഖ് ഭീകരസംഘടന ‘ബബ്ബർ ഖൽസ’യുമായി ബന്ധമുള്ള ലോറൻസ് ബിഷ്ണോയ്, ജസ്ദീപ് സിംഗ്, കാല ജാതേരി (സന്ദീപ്), വീരേന്ദർ പ്രതാപ് (കാല റാണ), ജോഗീന്ദർ സിംഗ് തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പഞ്ചാബിൽ ഒട്ടേറെ ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ കൊടുംഭീകരൻ ഹർവിന്ദർ സിംഗ് സന്ധു (റിൻഡ), ലഖ്ബീർ സിംഗ് സന്ധു (ലൻഡ) എന്നിവരും പട്ടികയിലുണ്ട്.
ഇവരുടെ ആസ്തി, ഇവര്‍ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങള്‍, വ്യവസായം, സുഹൃത്തുക്കളും ബന്ധുക്കളും വഴി നിയന്ത്രിക്കുന്ന വ്യവസായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം. വിവരങ്ങള്‍ കൈമാറാനുള്ള വാട്സാപ് നമ്പറും നല്കി.
പഞ്ചാബിലെ നിരവധി കേസുകളിലെ പ്രതികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്തു ലക്ഷം രൂപ വരെ പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡയ്ക്കെതിരെയുള്ള നീക്കം കൂടുതൽ ശക്തമാക്കാനാണു ഇന്ത്യയുടെ നീക്കം. ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ഉന്നയിക്കും.
കാനഡയിലെ ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് കാണുന്നത്.
അതേസമയം, പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാൻ നയതന്ത്ര അണിയറ നീക്കങ്ങളും സജീവമാണ്. ജി7 രാജ്യങ്ങൾ വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കാതെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്.