വാഷിംഗ്ടൺ: ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളാകുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയുടെ ഇടപെടൽ.
തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും പറഞ്ഞ വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ, ഇരു രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അറിയിച്ചു.
അതിനിടെ ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന മുന്‍ നിലപാട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ ആവർത്തിച്ചു.
വിഷയത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ജസ്റ്റീന്‍ ട്രൂഡോ ആവശ്യപ്പെട്ടു. കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകൾ രഹസ്യാന്വേഷണ വിഭാഗം നൽകിയെന്നു കനേഡിയൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഇലക്ട്രോണിക് തെളിവുകളുണ്ടെന്നും എന്നാൽ, തെളിവ് ഇപ്പോൾ കൈമാറാനാവില്ലെന്നുമാണു കാനഡയുടെ വാദം.
കാനഡ പൗരന്മാർക്ക് ഇന്ത്യൻ വിസ നൽകുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവച്ചതായി ഓട്ടവയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.
കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുയർന്ന പശ്ചാത്തലത്തിലാണ് വിസ സർവീസ് നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് രാജ്യം വിടാനുള്ള നിർദ്ദേശവും നൽകി.