ന്യൂജഴ്സി: കോപ്പ അമേരിക്ക 2024ന്റെ ഉദ്ഘാടന മത്സരത്തിന്റെ ആവർത്തനത്തിനാണ് നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
തുടർച്ചയായി രണ്ടാം കോപ്പ അമേരിക്ക ചാന്പ്യൻഷിപ് തേടുന്ന അർജന്റീനയും ആദ്യമായി സെമിയിലെത്തിയ കാനഡയുമാണ് ഏറ്റുമുട്ടുന്നത്. എങ്ങാനും അർജന്റീനയെ കാനഡയ്ക്കു തോല്പിക്കാനായാൽ അത് ചരിത്രമാകും. ഒപ്പം ഈ ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന രണ്ടാമത്തെ കോണ്കാകഫ് ടീമുമാകും.
രണ്ടു ടീമുകളും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ചാണ് സെമിയിലെത്തിയത്. അർജന്റീന ഇക്വഡോറിനെയും കാനഡ വെനസ്വേലയെയും പരാജയപ്പെടുത്തി. രണ്ടു മത്സരവും 90 മിനിറ്റിൽ 1-1നാണ് അവസാനിച്ചത്.
ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് മിന്നുന്ന പ്രകടനമാണ് ഇക്വഡോറിനെതിരേ കാഴ്ചവച്ചത്.
കാനഡയെ പരാജയപ്പെടുത്തിയാൽ അർജന്റീനയുടെ തുടർച്ചയായ രണ്ടാമത്തെ ഫൈനലാകും. 2015ലും 2016ലും അർജന്റീന ഫൈനലിൽ പ്രവേശിച്ചു. 2004 മുതൽ നടന്ന കഴിഞ്ഞ ഏഴു ടൂർണമെന്റുകളിൽ അഞ്ചിലും അർജന്റീനയ്ക്കു ഫൈനലിലെത്താനായി. 2011 പ്രീക്വാർട്ടറിൽ പുറത്തായി. 2019ൽ സെമിയിൽ തോറ്റു.
ഈ ടൂർണമെന്റിൽ ലയണൽ സ്കലോണിയുടെ അർജന്റീന ഒരിക്കൽ മാത്രമേ ഗോൾ വഴങ്ങിയിട്ടുള്ളൂ. 2016ൽ യുഎസിൽ നടന്ന കോപ്പ അമേരിക്കയിൽ ആതിഥേയരെ 4-0നു തോൽപ്പിച്ചശേഷം ഒരു തവണ പോലും സെമി ഫൈനലിൽ ഗോൾ വഴങ്ങാതിരിക്കാൻ അർജന്റീനയ്ക്കായിട്ടില്ല.
1994 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ റൊമേനിയയോട് 3-2ന് തോറ്റശേഷം അർജന്റീന ഒരു പ്രധാന ടൂർണമെന്റിന്റെ നോർമൽ ടൈമിൽ പരാജയപ്പെട്ടിട്ടില്ല. നാളെ ജയിച്ചാൽ വിവിധ മത്സരങ്ങളിലായി അർജന്റീനയുടെ തോൽവി അറിയാതെയുള്ള തുടർച്ചയായ 10-ാമത്തെ മത്സരമാകും. ഈ കുതിപ്പിൽ മൂന്നു ഗോൾ മാത്രമേ വഴങ്ങിയിട്ടുള്ളൂ.
ഈ കോപ്പയിലെ ആദ്യമത്സരത്തിൽ അർജന്റീനയോടു തോറ്റെങ്കിലും കാനഡ പിന്നീട് മുന്നേറി. ഒരു തവണ മാത്രമേ ഗോൾ വഴങ്ങിയുള്ളൂ. കോപ്പ അമേരിക്കയ്ക്കു മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ നെതർലൻഡ്സിനോട് 4-0ന് പരാജയപ്പെട്ടശേഷം പ്രതിരോധം ശക്തമാക്കിയാണ് കാനഡ കളിക്കുന്നത്. പിന്നീട് അഞ്ചു കളിയിൽ മൂന്നു ഗോൾ മാത്രമേ വഴങ്ങിയിട്ടുള്ളൂ എന്നതും ശ്രദ്ധേയം.
അർജന്റീന
ഗ്രൂപ്പ് എ
അർജന്റീന 2-0 കാനഡ
അർജന്റീന 1-0ചിലി
അർജന്റീന 2-0 പെറു
ക്വാർട്ടർ ഫൈനൽ
അർജന്റീന 1 (4)-1 (2) ഇക്വഡോർ
കാനഡ
ഗ്രൂപ്പ് എ
കാനഡ 0-2അർജന്റീന
കാനഡ 1-0 പെറു
കാനഡ 0-0 ചിലി
ക്വാർട്ടർ ഫൈനൽ
കാനഡ 1 (4)- 1 (3) വെനസ്വേല