താലിബാന്‍ തീവ്രവാദികള്‍ തന്നോടു ചെയ്ത ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കനേഡിയന്‍ യുവതി. താലിബാന്‍ തീവ്രവാദികളുടെ പിടിയില്‍ നിന്നും അമേരിക്കന്‍ സൈന്യം മോചിപ്പിച്ച കനേഡിയന്‍ ദമ്പതികളിലെ കെയ്റ്റ്ലാന്‍ ബോയലാണ് ഭീകരരുടെ ബന്ദിയായിരുന്ന അഞ്ചു വര്‍ഷത്തെ കാലത്ത് നേരിടേണ്ടി വന്ന ക്രൂരമായ പീഡനത്തെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞമാസം മോചിതയായതിന് പിന്നാലെ എബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇവര്‍ താന്‍ നേരിട്ട കൂട്ടബലാത്സംഗത്തെക്കുറിച്ചും ശാരീരിക പീഡനങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്.
ഭര്‍ത്താവ് ജോഷ്വായ്ക്കൊപ്പം 2012 ഒക്ടോബറില്‍ അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടു പോകലിനിരയായി പിടിയിലാകുമ്പോള്‍ അവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞമാസമാണ് പാക് സൈന്യം അമേരിക്കന്‍ സേന നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചത്.
തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കെയ്റ്റ്‌ലാന്‍ പറയുന്നതിങ്ങനെ…അതും സംഭവിച്ചു. അവര്‍ സെല്ലിലേക്ക് കടന്നുവന്ന് ഭര്‍ത്താവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. തന്നെ ഒരാള്‍ നിലത്തേക്ക് വലിച്ചെറിഞ്ഞു. അതിന് ശേഷം നിന്നെ കൊല്ലും… ഞാന്‍ നിന്നെക്കൊല്ലും…ശരീരത്ത് ശക്തിയായി മര്‍ദ്ദിക്കുന്നതിനിടയില്‍ അയാള്‍ ദേഷ്യത്തോടെ പറഞ്ഞുകൊണ്ടിരുന്നു. അവര്‍ രണ്ടു പേരുണ്ടായിരുന്നു. മൂന്നാമന്‍ വാതിലിലായിരുന്നു. അവശയായി പോയ തനിക്ക് ആ മൃഗങ്ങള്‍ വസ്ത്രം പോലും തിരിച്ചുതരാന്‍ കൂട്ടാക്കിയില്ല. തന്നെ ബലാല്‍സംഗം ചെയ്യുന്നതിന് തന്റെ മക്കള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നെന്നും ബന്ദിജീവിതത്തിനിടയില്‍ ഇവര്‍ പകര്‍ത്തിയ വീഡിയോകളില്‍ ഒന്നില്‍ പറയുന്നു. എന്നാല്‍ ഈ പീഡനത്തിന്റെ പിറ്റേന്ന് തന്നെ തങ്ങളെ ഒളിപ്പിച്ചിരുന്ന താഴ്വാരത്ത് ആക്രമണം നടന്നുവെന്നും എകെ 47 തോക്കില്‍ നിന്നും വെടിയുണ്ടകള്‍ ചീറിപ്പായുകയും വന്‍ സ്ഫോടനങ്ങള്‍ ഉണ്ടാകുകയും ചെയ്തപ്പോള്‍ തങ്ങളെ ബന്ദികളാക്കിയവര്‍ എവിടെയോ ഓടിയൊളിച്ചുവെന്നും ഇവര്‍ പറയുന്നു. ഭീകരര്‍ ഭയന്നപ്പോള്‍ തങ്ങള്‍ പൊട്ടിച്ചിരിച്ചെന്നും തങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ദൈവം തന്ന മറുപടിയായിരുന്നു അതെന്നും കെയ്റ്റ്‌ലാന്‍ പറഞ്ഞു.