തൃശൂര്‍: കിഴക്കുംപാട്ടുകരയില്‍ കനറാ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക സൂചന. ഇന്ന് പുലര്‍ച്ചയോടെയാണ് കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാന്‍ ശ്രമം നടന്നത്. ബാങ്കിലെയും സമീപത്തെയും സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
അഞ്ചര ലക്ഷം എടിഎമ്മിലുണ്ടായിരുന്നുവെന്ന് ബാങ്ക് അധകൃതര്‍ പറഞ്ഞു. ഇന്നു രാവിലെ കൗണ്ടറിലെത്തിയവര്‍ വിവരം ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തുകയാണ്. ബാങ്ക് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.
ദിവസങ്ങൾക്കു മുന്‍പാണ് ചാലക്കുടിയിലും ഇരുന്പനത്തും കോട്ടയത്തും എടിഎം കവര്‍ച്ചകള്‍ നടന്നത്. ഇതിലെ പ്രതികളെ പിടികൂടാനോ കേസിന് എന്തെങ്കിലും തുമ്പുണ്ടാക്കാനോ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ല. നാട്ടികയിലും എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമം നടന്നിരുന്നു.
നാട്ടിക പഴയ കോട്ടണ്‍ മില്ലിന് സമീപം ദേശീയപാതയോടു ചേര്‍ന്നുള്ള കോര്പറേഷന് ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് കൗണ്ടര്‍ തകര്‍ക്കാനാണ് ശ്രമിച്ചിരുന്നത്. സിസിടിവിയില്‍നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും മുഖവും ശരീരവുമെല്ലാം പൂര്‍ണമായും മറച്ച നിലയിലായിരുന്ന മോഷ്ടാക്കളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.