കൂത്താട്ടുകുളം: പണയം വച്ച സ്വർണം എടുക്കാനെത്തിയ ഗൃഹനാഥനെ ബാങ്ക് മാനേജർ തടഞ്ഞതു ബഹളത്തിനിടയാക്കി. മകളുടെ വിവാഹാവശ്യത്തിനായാണ് പണയം വച്ച സ്വർണം തിരികെ എടുക്കാനായി മംഗലത്തുതാഴം വഴങ്ങാട്ട് ഗോപി കൂത്താട്ടുകുളം കാനറാ ബാങ്കിലെത്തിയത്.
എന്നാൽ മകളുടെ പഠന ആവശ്യത്തിനെടുത്ത വിദ്യാഭ്യാസ വായ്പ അടച്ചു തീർത്തില്ലെന്ന കാരണം പറഞ്ഞ് പണയ സ്വർണം തിരികെ നൽകാൻ വിസമ്മതിക്കുകയായിരുന്നുവെന്നു ഗോപി പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാതെ സ്വർണം തിരികെ നൽകാനാവില്ലെന്ന് ബാങ്ക് നിയമമുണ്ടെന്ന് പറഞ്ഞാണ് മാനേജർ പ്രശ്നമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതേത്തുടർന്ന് ഗോപി ബാങ്കിനുള്ളിലെ തറയിൽ കിടന്ന് പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് മുൻ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോണിന്റെ നേതൃത്വത്തിൽ നഗരസഭ സ്ഥിരം സമിതി ചെയർമാൻ സി.എൻ. പ്രഭകുമാർ, എ.എസ്. രാജൻ, സണ്ണി കുര്യാക്കോസ് എന്നിവർ ബാങ്കിലെത്തി മാനേജരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വർണം തിരികെ നൽകാമെന്ന് മാനേജർ സമ്മതിക്കുകയായിരുന്നു.