ശ്രീകണ്ഠപുരം: ഇരിക്കൂർ ബസ്സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കനറാ ബാങ്ക് എടിഎമ്മിലെ കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട് പ്രതികളുടെ സിസി ടിവി ദൃശ്യവും വിരലടയാളവും ലഭിച്ചു. എടിഎമ്മിൽ നിന്ന് കൈ വിരലടയാളമാണ് ലഭിച്ചത്. കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡ് എടിഎമ്മിൽ നിന്ന് മണം പിടിച്ച് 100 മീറ്റർ അകലെ പ്രതികൾ ബൈക്ക് നിർത്തിയ സ്ഥലം വരെ ഓടി നിന്നു.
ബാഗിൽ കൊണ്ടു വന്ന ഹാമർ ഉപയോഗിച്ചാണ് പ്രതികൾ എടിഎം തകർത്തതെന്ന് സിസിടിവി യിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പ്രതികൾ പ്രഫഷണൽ സംഘമല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരിക്കൂർ എസ്ഐ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ബാങ്കിനോടു ചേർന്ന എടിഎമ്മിൽ കവർച്ചാ ശ്രമം നടന്നത്. മോണിറ്ററും, പണം പുറത്തേക്ക് വരുന്ന ഭാഗവും തകർത്തെങ്കിലും സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരൻ ശബ്ദം കേട്ട് കാര്യം തിരക്കിയതോടെ പണം സൂക്ഷിച്ചിരുന്ന ലോക്കർ തകർക്കാതെ സംഘം രക്ഷപ്പെടുകയായിരുന്നു. എടിഎമ്മിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.