അടുത്തിടെയാണ് ജീവനക്കാര്‍ക്കായി എസ്ബിഐ ചില വിചിത്ര ചട്ടങ്ങള്‍ പുറത്തിറക്കിയത്. വസ്ത്രധാരണത്തിലെ പരിഷ്‌കാരങ്ങളടക്കം ജീവനക്കാര്‍ നാടന്‍ ഭാഷയില്‍ സംസാരിക്കരുത്, ഏമ്പക്കം വിടരുത്, ദിവസവും താടി വടിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും എസ്ബിഐ വച്ചിരുന്നു. അതേറെ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എസ്.ബി.ഐയ്ക്ക് പിന്നാലെ ജീവനക്കാര്‍ക്ക് വിചിത്ര പെരുമാറ്റ ചട്ടങ്ങളുമായി കാനറാ ബാങ്കും രംഗത്തെത്തിയിരിക്കുന്നു.
കലണ്ടറില്‍ രാഹുകാലം എഴുതിച്ചേര്‍ത്തതിനൊപ്പം അവധി ദിവസങ്ങള്‍ക്ക് കാവി നിറം നല്‍കിയുള്ള പരിഷ്‌കരണങ്ങളുമുണ്ട്. ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വസ്ത്രചട്ടവും യൂണിഫോമും നിര്‍ദേശിച്ച് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ജീവനക്കാര്‍ ഉത്തരവാദിത്വവും കാര്യശേഷിയുമുള്ളവരാണെന്ന് തോന്നണമെങ്കില്‍ മാന്യമായ വസ്ത്രധാരണമായിരിക്കണമെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നുണ്ട്. വൃത്തിയുള്ള ഷൂ, അല്ലെങ്കില്‍ ചെരിപ്പ് ഉണ്ടാകണം. സ്ലിപ്പര്‍ ധരിക്കാന്‍പാടില്ല. ഷോര്‍ട്‌സ്, ത്രീ ഫോര്‍ത്ത്, മുഴുനീളമില്ലാത്ത ട്രൗസറുകള്‍, ടീ ഷര്‍ട്ട്, ജീന്‍സ്, സ്‌നീക്കേഴ്‌സ്, സ്‌പോര്‍ട്‌സ് ഷൂ എന്നിവയും ധരിക്കാന്‍പാടില്ല.
ഓഫീസിലെത്തിയാല്‍ ഫോര്‍മല്‍വസ്ത്രമേ ധരിക്കാവൂ. ധരിക്കുന്ന വസ്ത്രം ഭംഗിയും കുലീനതയും വൃത്തിയും വെടിപ്പും ഉള്ളതാകണം. ജീവനക്കാര്‍ വൃത്തിയുള്ളവരും എപ്പോഴും സന്തോഷഭാവം ഉള്ളവരുമാകണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്റ്റാഫ് അംഗങ്ങള്‍ അവരുടെ ഐഡി കാര്‍ഡിലെ പേര് കാണാത്തക്കവിധം ധരിക്കണമെന്നും തൂപ്പുകാര്‍, പ്യൂണ്‍, ആയുധധാരികളായ ഗാര്‍ഡുമാര്‍ എന്നിവര്‍ യൂണിഫോമും അതില്ലാത്തവര്‍ വൃത്തിയുള്ള വസ്ത്രവും ധരിക്കണം. എക്‌സിക്യൂട്ടീവുകള്‍, സ്‌കെയില്‍ നാല് ജീവനക്കാര്‍, അതിനും മുകളിലുള്ളവര്‍ എന്നിവര്‍ പുരുഷന്മാരാണെങ്കില്‍ ബാങ്കിലും പുറത്തും ഷര്‍ട്ടിനൊപ്പം നിര്‍ബന്ധമായും ടൈ ധരിക്കണം. ഇങ്ങനെ പോവുന്നു നിര്‍ദേശങ്ങള്‍.