ചില സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരെ വെറും അടിമകളെ പോലെയാണ് കണക്കാക്കുന്നത്. അവധിയെടുക്കുന്നതിനോ വിശ്രമ വേളകളിൽ ഒന്നു നടു നിവർക്കുന്നതിനോ പോലും അനുവദിക്കാത്ത മാനേജർമാരുടെ മാടന്പിത്തരങ്ങൾക്ക് വിധേയരാകുന്ന തൊഴിലാളികളാണ് ചിലരെങ്കിലും.
എന്തിനേറെ പറയുന്നു, നടന്നു പോകുന്ന വഴിയിൽ പരിചയമുള്ള ഒരാളെ കണ്ട് ചിരിച്ച് കാണിച്ചാൽ പോലും കുറ്റമാക്കുന്ന ആളുകളും കുറവല്ല. അത്തരത്തിൽ മാനേജർമാരുടെ മാടന്പിത്തരങ്ങളുടെ ഒരു വീഡിയോ ആണിപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. ബന്ധൻ ബാങ്കിലെയും കാനറ ബാങ്കിലെയും വീഡിയോ കോണ്‍ഫറൻസ് ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മാസാവസാനം ടാർഗറ്റ് തികയ്ക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ ആണിത്. വീട്ടിലെ കാര്യങ്ങള്‍ പോലും മാറ്റിവെച്ച് അവധി ദിവസങ്ങളിലും ഓഫീസ് ജോലി ചെയ്യണമെന്ന് സമ്മർദം ജീവനക്കാരിൽ ചെലുത്തുന്നത് വീഡിയോയിൽ കാണാം.
തിങ്കള്‍ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ സാധിച്ചില്ലങ്കിൽ അവധി ദിവസങ്ങളിലും ഉദ്യോഗസ്ഥർ ജോലി ചെയ്യണം. അല്ലാത്തപക്ഷം കാര്യങ്ങൾ വഷളാകുമെന്നാണ് കാനറ ബാങ്ക് ഓഫീസർ പറയുന്നത്.
ബന്ധൻ ബാങ്ക് ഉദ്യോഗസ്ഥനായ കുനാൽ ഭരദ്വാജിന്റേതാണ് രണ്ടാമത്തെ വീഡിയോ. ടാർഗറ്റ് തികയ്ക്കാത്തതിൽ ഇയാൾ ജീവനക്കാരനോട് ദേഷ്യപ്പെടുകയാണ്. ഇത് കേട്ട് ജീവനക്കാരൻ ക്ഷമാപണം നടത്തുന്നു. പക്ഷേ ‘നിനക്ക് ലജ്ജയുണ്ടോ, ഇത് മാർച്ച് മാസമാണ്’ എന്നായിരുന്നു കുനാലിന്റെ മറുപടി.
സംഭവം വൈറലായതോടെ ബാങ്കുകൾ ഇതിനു വിശദീകരണവുമായി എത്തി. കാനറ ബാങ്ക്, ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സംഭാവനകളെ എപ്പോഴും വിലമതിക്കുന്നു എന്നാണ് ബാങ്കിന്റെ പ്രതികരണം.
ഇത്തരമൊരു പ്രവൃത്തി ഉണ്ടായതിൽ ഞങ്ങൾ അത്യധികം ഖേദിക്കുന്നു. ബാങ്കിന്റെ നയത്തിന് അനുസരിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും ബന്ധൻ ബാങ്ക് വിശദീകരിച്ചു.