പെരുങ്കടവിള: മകൾ മരിക്കുകയും ഭാര്യ ജീവനും മരണത്തിനുമിടയിൽ പിടയുന്പോഴും ബാങ്കിന്റെ ക്രൂരത അവസാനിച്ചിരുന്നില്ലെന്ന് ഭർത്താവ് ചന്ദ്രൻ പറഞ്ഞു. ബാങ്ക് അധികൃതരും ബാങ്ക് നിയോഗിച്ച അഭിഭാഷക കമ്മിഷനിലെ വക്കീലൻമാരും വൈകിട്ട് അഞ്ച് വരെ ഫോണിൽ വിളിച്ച് കൊണ്ടേയിരുന്നു. മകൾ നഷ്ടപെട്ട അച്ഛനോടാണ് നിങ്ങൾ സംസാരിക്കുന്നതെന്ന് പറഞ്ഞിട്ടും വിളി വന്നതായി ചന്ദ്രൻ പറഞ്ഞു.
തുടർന്ന് മാധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയായതോടെയാണ് ഫോണ്‍വിളികൾ നിന്നത്. 2005 ൽ കാനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽ നിന്നെടുത്ത 5 ലക്ഷം രൂപയിൽ 8 ലക്ഷത്തോളം രൂപ ചന്ദ്രൻ തിരിച്ചടച്ചിരുന്നു. പലിശയും മുതലുമായി അടക്കാനുളള 6.72 ലക്ഷത്തിന് വേണ്ടിയാണ് വീടും 7 സെന്റ് സ്ഥലവും കാനറാ ബാങ്ക് ജപ്തി നടപ്പിലാക്കി പിടിച്ചെടുക്കാൻ ഒരുങ്ങിയത്.
ഞങ്ങൾക്കൊന്നും അറിയില്ല എല്ലാ തീരുമാനവും ഹെഡോഫീസിൽ നിന്ന്: ബാങ്ക് മാനേജർ രാജശേഖരൻ
പെരുങ്കടവിള : ജപ്തിയെക്കുറിച്ചോ എത്ര തുക ബാങ്കിൽ അടച്ചിട്ടുണ്ടെന്നതിനെക്കുറിച്ചോ തങ്ങൾക്കറിയില്ലെന്ന് കാനറാ ബാങ്ക് ഓപ്പറേറ്റിംഗ് മാനേജർ രാജശേഖരൻ പറഞ്ഞു. വായ്പ സംബന്ധിച്ച് എന്തെങ്കിലും പറയേണ്ടത് ഹെഡോഫീസിൽ നിന്നാണ്. നെയ്യാറ്റിൻകര ബ്രാഞ്ചിൽ നിന്ന് ആരും മരിച്ച ലേഖയെ വിളിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം ഹെഡോഫീസിൽ നിന്നും പല തവണ ഫോണിൽ വിളി എത്തിയതായി ചന്ദ്രൻ അറിയിച്ചു. ബാങ്കിൽ നിന്ന് പണം തിരച്ചടപ്പിക്കാനുളള സ്വഭാവിക നടപടികളാണ് ഉണ്ടായതെന്നും . ഇതിന്റെ പേരിൽ 2 പേർക്ക് ജീവൻ നഷ്ടപെട്ടതിൽ അതീവ ദുഖമുണ്ടെന്ന് ഓപ്പറേറ്റിംഗ് മാനേജർ സീനാ ജോർജ്ജ് പറഞ്ഞു.