കണ്ണൂര്‍: കാന്‍സറിനു 30 ശതമാനം കാരണം പുകയില ഉത്പന്നങ്ങളുടെ അമിതമായ ഉപയോഗമാണെന്ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.രാംദാസ്. 13 തരത്തിലുള്ള കാന്‍സറിനു കാരണം പുകയില ഉത്പന്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ആര്‍സിസിയുടെയും കാന്‍സര്‍ കണ്‍ട്രോള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും സഹകരണത്തോടെ കണ്ണൂര്‍ പോലീസ് സൊസൈറ്റി ഹാളില്‍ സേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച കാന്‍സര്‍–വൃക്ക–പ്രമേഹരോഗ നിര്‍ണയ ക്യാമ്പിലും ബോധവത്കരണ സെമിനാറിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പോത്ത്, ആട് എന്നിവയുടെ മാംസം, ഉണക്ക മത്സ്യം, വറുത്തെടുത്ത ആഹാരങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം കാന്‍സറിന് വഴിവയ്ക്കും. ശുചിത്വമില്ലായ്മയാണ് ഗര്‍ഭാശയ കാന്‍സറിന് പ്രധാനകാരണം. ഫാക്ടറികളില്‍ നിന്നുള്ള നിരന്തരമായ പുക, അമിതമായ കീടനാശിനി പ്രയോഗം എന്നിവ നിയന്ത്രിച്ചാല്‍ കാന്‍സര്‍ സാധ്യത 30 ശതമാനം കുറയ്ക്കാന്‍ കഴിയും. വായ്ക്കകത്തെ ഉണങ്ങാത്ത മുറിവുകള്‍ ചികിത്സയ്ക്ക് വിധേയമാക്കണം.
അഞ്ചുതരം കാന്‍സറുകള്‍ പ്രാഥമിക ചികിത്സയിലൂടെ മനസിലാക്കാന്‍ കഴിയുമെന്നും കാന്‍സര്‍ ഒറ്റ രോഗമല്ലെന്നും വ്യത്യസ്തമായ രോഗങ്ങളുടെ പ്രഹേളികയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത്. ജില്ലാ പോലീസ് മേധാവി കെ.പി.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡി.കൃഷ്ണനാഥ പൈ, ഡോ.ചന്ദ്രമോഹന്‍, ഡോ.ബാബു മാത്യു, എആര്‍ ഡെപ്യൂട്ടി കമന്‍ഡാന്റ് പി.കെ.സാഗുല്‍ എന്നിവര്‍ പ്രസംഗിച്ചു.