കാൻസർ രോഗ നിർണയത്തിന് സങ്കീർണമായ മാർഗങ്ങളാണ് ഇന്നുള്ളത്. ആഴ്ചകൾ നീളുന്ന പരിശോധനകൾക്കു ശേഷം ഈ രംഗത്ത് വിദഗ്ധരായ ഡോക്ടർമാരാണ് രോഗം നിർണയിക്കുന്നതും ചികിൽസകൾ നിർദേശിക്കുന്നതും. എന്നാൽ ഡോക്ടർമാരുടെ സഹായമില്ലാതെ രോഗനിർണയം നടത്തുന്ന സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ.
ഇവർ വികസിപ്പിച്ചെടുത്ത ആർട്ടിഫിഷൽ ഇന്റലിജൻസ് ടെക്നോളജി ഡോക്ടർമാർക്ക് പകരമാകുമെന്നാണ് കരുതുന്നത്.92 ശതമാനം കൃത്യതയോടെ, ഡോക്ടർമാർ രോഗം നിർണയിക്കുന്നതിലും വേഗത്തിൽ കാൻസർ നിർണയിക്കാൻ ശേഷിയുള്ള ഗൂഗിളിന്റെ ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡോക്ടർമാർക്ക് പകരക്കാരനാകുന്ന കാലം വിദൂരമല്ല.
മനുഷ്യശരീരത്തിലുണ്ടാകുന്ന ട്യൂമറുകളും മറ്റു വളർച്ചകളും കാൻസറാകാൻ സാധ്യതയുണ്ടോ എന്ന് തിരിച്ചറിയുന്നതിന് കംപ്യൂട്ടറുകൾക്കുള്ള വേഗം കാൻസർ ചികിത്സയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു.കാൻസറിന് കാരണമായതും അല്ലാത്തുമായ കോശങ്ങളുടെ വ്യത്യാസം കണ്ടെത്താനുള്ള പരീക്ഷണത്തിലാണ് ഇപ്പോൾ കംപ്യൂട്ടർ.
ഭാവിയിൽ ഇത് പൂർണരൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങിയാൽ, കാൻസർ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലക്ക് വ്യാപിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാനും ഇതുപയോഗിക്കാം. നിലവിൽ പാതോളജിസ്റ്റുകളാണ് രോഗം നിർണയിക്കുന്നത്. ഇതിന് മനുഷ്യ അധ്വാനം ആവശ്യമാണ്. കൂടാതെ തെറ്റുപറ്റാനുള്ള സാധ്യതയും കൂടുതലാണ്.