വലിയ കെട്ടിടങ്ങളൊക്കെ പണിയുന്ന ഒരു ശിൽപ്പിയാകണമെന്നായിരുന്നു ഒമർ സയാഗ് എന്ന ഇസ്രയേൽ ബാലന്റെ സ്വപ്നം. എന്നാൽ വളരെ ചെറുപ്പത്തിൽത്തന്നെ കാൻസർ എന്ന മാരകരോഗം അവനെ പിടികൂടി.
വേഗത്തിൽ രോഗങ്ങൾ പിടികൂടുമെന്നതിനാൽ വീടുനു പുറത്തിറങ്ങാനോ കൂട്ടുകാരോടൊത്ത് കളിക്കാനോ അവന് അനുവാദമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഒമർ ചെറിയ പ്ലാസ്റ്റിക് കെട്ടിടങ്ങളുണ്ടാക്കുന്ന കട്ടകളുമായി കൂട്ടുകൂടിത്തുടങ്ങിയത്. ഈ പ്ലാസ്റ്റിക് കട്ടകൾ കൂട്ടിയോചിപ്പിച്ച് കുഞ്ഞു ഒമർ വലിയ കെട്ടിടങ്ങൾ നിർമിച്ചു.
ഒമറിന്റെ ഈ കലാവിരുത് അവന്റെ വീട്ടുകാരെയും സ്വകാര്യ അദ്ധ്യാപികയെയും ഏറെ അദ്ഭുതപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് കട്ടകൾ ഉപയോഗിച്ച് ലോകത്തിലെ പ്രശസ്തമായ കെട്ടിടങ്ങളെല്ലാം അവൻ നിർമിച്ചു. 2008ൽ തന്റെ എട്ടാം വയസിൽ ഒമർ മരണത്തിന് കീഴടങ്ങി.
മരിച്ച് എട്ടു വർഷത്തിന് ശേഷം ഒമറിന് ഒരു സ്മാരകമൊരുങ്ങുകയാണ് ഇസ്രയേലിലെ ടെൽ അവീവിൽ. ഒമറിന് ഏറെ പ്രിയപ്പെട്ട പല നിറങ്ങളിലുള്ള പ്ലാസ്റ്റിക് കട്ടകൾ ഉപയോഗിച്ച് നിർമിക്കുന്ന ഒരു ടവറാണ് ഈ സ്മാരകം. ഒരു വർഷം മുന്പാണ് ഈ ടവറിന്റെ നിർമാണം തുടങ്ങിയത്.
ഇപ്പോൾ നിർമാണം പൂർത്തിയാക്കിയപ്പോൾ ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ടവർ എന്ന റിക്കാർഡും ഒമറിന്റെ ഈ സ്മാരകം സ്വന്തമാക്കി. 10 ലക്ഷത്തിലധികം പ്ലാസ്റ്റിക് കട്ടകളാണ് ഈ ടവറിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.