മനുഷ്യന് കാന്‍സര്‍ പിടിപെടുന്നതിന് മുഖ്യകാരണമാവുന്നത്, അവര്‍ മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ള തെറ്റുകുറ്റങ്ങളാണെന്ന വിവാദ പ്രസ്താവനയുമായി ആസ്സാമിലെ ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ. ഇതാണ് ദൈവീക നീതിയെന്നും ബിശ്വശര്‍മ അഭിപ്രായപ്പെട്ടു. ബിശ്വശര്‍മയുടെ പ്രസ്താനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും അര്‍ബുദ രോഗികളും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ബിശ്വശര്‍മ 2015ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഇപ്പോഴത്തെ സര്‍ബാനന്ദ സോനോവാള്‍ മന്ത്രിസഭയില്‍ അംഗമായി. ചിലര്‍ ചെറുപ്രായത്തില്‍ തന്നെ അപകടങ്ങളില്‍ മരിക്കുന്നതും ചിലര്‍ക്ക് ചെറുപ്രായത്തില്‍തന്നെ അര്‍ബുദം പോലുള്ള അസുഖങ്ങള്‍ വരുന്നതും നാം കാണാറുണ്ട്. ഇതേക്കുറിച്ച് വിശദമായി പഠിച്ചാല്‍ ഇതു ദൈവീക നീതിയാണെന്നു നമുക്കു ബോധ്യമാകും. അതു നാം സഹിച്ചേ തീരൂ ഹിമാന്ത ബിശ്വശര്‍മ പറഞ്ഞു.
ഈ ജന്‍മത്തിലോ മുന്‍ ജന്‍മത്തിലോ നാം ചില തെറ്റുകള്‍ വരുത്തിയിരിക്കാം. അല്ലെങ്കില്‍ നമ്മുടെ പൂര്‍വികരാകും തെറ്റു ചെയ്തത്. അതിന് ചെറുപ്പക്കാരായ നാമും ചില സഹനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ഒരാളുടെ കര്‍മഫലമാണിത്. ഇതില്‍ സങ്കടപ്പെട്ടിട്ടു കാര്യമില്ല. എല്ലാവര്‍ക്കും അവരുടെ കര്‍മങ്ങള്‍ക്ക് ഈ ജന്‍മത്തില്‍ത്തന്നെ ഫലം കിട്ടും. ഇതില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനാകില്ല മന്ത്രി പറഞ്ഞു. രോഗികളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകള്‍ ആരോഗ്യമന്ത്രി കൂടിയായ ബിശ്വശര്‍മ ഉപേക്ഷിക്കേണ്ടതായിരുന്നെന്നും പലനേതാക്കളും അഭിപ്രായപ്പെടുകയുണ്ടായി.