ആലുവ : വരും ദിവസങ്ങളിൽ കേരളത്തിലെ റോഡുകളിലുള്ള ഓട്ടോറിക്ഷകളിൽ നിങ്ങൾക്ക് ഒരു കാഴ്ച കാണാം; ലഹരി വിരുദ്ധ സന്ദേശം പതിച്ച തുണി പടുതകൾ.
കാൻസറിന് കാരണമാകുന്ന ലഹരി പരമാവധി തടയുക എന്ന ലക്ഷ്യത്തോടെ ആലുവ രാജഗിരി ആശുപത്രിയാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നത്.
രാജഗിരി ആശുപത്രിയിൽ നടന്ന ചടങ്ങിൽ, ആദ്യ പ്രചാരണ വാഹനം ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോണ്സൻ വാഴപ്പിള്ളി ഫ്ളാഗ് ഓഫ് ചെയ്തു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. തോമസ് കുര്യൻ, രാജഗിരി ആശുപത്രി കാൻസർ വിഭാഗം മേധാവി ഡോ. സഞ്ജു സിറിയക് എന്നിവർ കാൻസർദിന സന്ദേശം നൽകി.
വരും ദിവസങ്ങളിൽ ആയിരത്തോളം ഓട്ടോറിക്ഷകളിൽ ഈ സഹായം എത്തിക്കാൻ ആണ് സംഘാടകർ ലക്ഷ്യമിടുന്നത്. രാജഗിരി ആശുപത്രി സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. ടി.എസ് സുബി, റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിലെ ഡോ. ജോസ് പോൾ, ഹെമറ്റോ ഓങ്കോളജി വിഭാഗത്തിലെ ഡോ. മോബിൻ പോൾ, റേഡിയോളജി വിഭാഗത്തിലെ ഡോ. ടീന സ്ലീബ, ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, മെഡിക്കൽ ഡയറക്ടർ ഡോ. എം.എൻ ഗോപിനാഥൻ നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, ഡയറക്ടർ ഡോ. വി.എ ജോസഫ്, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.