കാൻസർ ബാധിതനായ കുട്ടിയെ മറ്റ് കുട്ടികൾക്കൊപ്പം ഇരുത്താതെ ക്ലാസ് മുറിയുടെ ഏറ്റവും പുറകിൽ തനിയെ ഇരുത്തി അധ്യാപകന്റെ ക്രൂരത. ചൈനയിലെ ഫുജിയാൻ പ്രവശ്യയിലാണ് സംഭവം.
ഇവിടെ പ്രവർത്തിക്കുന്ന സ്കൂളിൽ കുട്ടിയെ പ്രവേശിപ്പിച്ചതു മുതൽ അധ്യാപികന് പരാതിയായിരുന്നു. കാൻസർ പടർന്നു പിടിക്കുന്ന രോഗമാണെന്ന് അർഥശൂന്യമായ ചിന്താഗതിയാണ് ഇത്തരത്തിൽ ചെയ്യുവാൻ അധ്യാപകനെ പ്രേരിപ്പിച്ചത്. മാത്രമല്ല ഈ കുട്ടി സ്കൂളിൽ ചേർന്നതിനാൽ നിരവധി കുട്ടികളും ഈ സ്കൂൾ വിട്ട് പോയിരുന്നു.
തുടർന്നാണ് ക്ലാസ് മുറിയുടെ ഏറ്റവും പുറികിലായി ഈ കുട്ടിയെ ഇരുത്തിയത്. മാത്രമല്ല പരീക്ഷ എഴുതുവാൻ പോലും ഈ കുട്ടിയെ അനുവദിച്ചിരുന്നില്ല. തന്നെ കുറിച്ച് ഓർത്ത് വീട്ടുകാർ ദുഃഖിക്കാതിരിക്കുവാൻ ഈ കുട്ടി സ്കൂളിൽ നിന്നും താൻ അനുഭവിക്കുന്ന ദുരനുഭവത്തെ കുറിച്ച് ആരോടും പരാതി പറഞ്ഞിരുന്നില്ല.
എന്നാൽ സ്കൂളിൽ പരീക്ഷ നടന്നതറിഞ്ഞ പിതാവ് മാർക്കിനെ കുറിച്ച് ആരാഞ്ഞപ്പോഴാണ് സ്കൂളിൽ നടക്കുന്ന കാര്യത്തെകുറിച്ച് കുട്ടി വീട്ടിൽ പറയുന്നത്. ഇത്തരമുള്ള ദുരനുഭവങ്ങൾ ലഭിക്കുമ്പോൾ എന്റെ കുട്ടിയുടെ മനസിൽ എന്തായിരിക്കുമെന്നും എത്രമാത്രം ദുഃഖം അവന്റെയുള്ളിലുണ്ടാകുമെന്നും പിതാവ് ചോദിക്കുന്നു.
സംഭവം വിവാദമായതോടെ കുട്ടിയെ ക്ലാസ് മുറിയുടെ പുറകിൽ ഇരുത്തിയ അധ്യാപകനെ സ്കൂൾ മാനേജ്മന്റ് സസ്പെൻഡ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പി്ക്കുന്നത്. മാത്രമല്ല സംഭവത്തെ പറ്റി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കുട്ടിയെ മറ്റ് കുട്ടികൾക്കൊപ്പം ഇരുത്തണമെന്നും അവർക്കൊപ്പം തന്നെ പരീക്ഷയെഴുതുവാനുള്ള അവസരം നൽകണമെന്നും വിദ്യാഭ്യാസ വകുപ്പും ഉത്തരവിട്ടിട്ടുണ്ട്.