ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ തുടങ്ങിയ അർബുദചികിത്സാകേന്ദ്രം ഒരുവർഷത്തിനകം പൂർണസജ്ജമാകും. മൂന്നു ഘട്ടങ്ങളിലായാണ് വികസനം പൂർത്തിയാക്കുന്നതിനു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അർബുദ നിർണയകേന്ദ്രം, കീമോതെറാപ്പി സെന്റർ എന്നിവയുടെ പ്രവർത്തനം ഇപ്പോൾ മികച്ചനിലയിലാണ്.
അഞ്ചുകോടി രൂപ ചെലവിൽ മാമോഗ്രാം ഉൾപ്പെടെയുള്ള ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നത്. ദേശീയാരോഗ്യ ദൗത്യസംഘത്തിന്റെയും എം.ബി.രാജേഷ് എംപിയുടെയും പ്രാദേശിക വികസനനിധിയിൽനിന്നുള്ള തുക ഉപയോഗിച്ചാണ് കേന്ദ്രം നിർമിക്കുന്നത്. മാറിടം, വായ, ഗർഭാശയം എന്നിവയിൽ വരുന്ന അർബുദം കണ്ടെത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
നിലവിൽ ഒറ്റപ്പാലത്തിനു പുറമേ പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് ഈ ചികിത്സാ നിർണയത്തിനു സർക്കാർ ആശുപത്രികളിൽ സൗകര്യമുള്ളത്. നാലുപേർക്ക് ഒന്നിച്ച് കീമോ ചെയ്യാനുള്ള സൗകര്യമാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. രാവിലെ ഒന്പതുമുതൽ അഞ്ചുവരെയാണ് കേന്ദ്രം പ്രവർത്തിക്കുക.
രണ്ടുവീതം ഡോക്ടർമാരും സർജന്മാരും ഫിസിയോ തെറാപ്പിസ്റ്റും ഉൾപ്പെടെ പത്തുജീവനക്കാരാണ് ഉണ്ടാകുക. മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെയാണ് ഇതിന്റെ പ്രവർത്തനം നടക്കുക.കേന്ദ്രത്തിലെത്തുന്ന രോഗികളുടെ ചികിത്സ സംബന്ധിച്ച് സംശയം തീർക്കാൻ മലബാർ കാൻസർ സെന്ററിന്റെ സഹായമുണ്ടാകും.