മൂവാറ്റുപുഴ: കാൻസർ ചികിത്സയിലെ ഏറ്റവും വലിയ ഭീഷണിയായിരുന്ന സാന്പത്തികഭാരം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ഗവേഷണരംഗത്തെ മുന്നേറ്റങ്ങളാണ് ഇതു സാധ്യമാക്കിയതെന്നും കാൻസർ ചികിത്സാ വിദഗ്ധർ ഡോ. വി.പി. ഗംഗാധരൻ.
മൂവാറ്റുപുഴ നിർമല കോളജ് ഓഫ് ഫാർമസിയിൽ ആരംഭിച്ച ദേശീയ കാൻസർ റിസേർച്ച് കോണ്‍ഫ്രൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്റ്റംസെൽ തെറാപ്പി പോലെയുള്ള മേഖലകളിൽ കൂടുതൽ ഗവേഷണം നടന്നുവരികയാണെന്നും രോഗനിർണയം, ചികിത്സാരീതികൾ എന്നിവയിൽ ഇത് വലിയമാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളജ് മാനേജർ മോണ്‍. ഡോ. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ അധ്യക്ഷതവഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ദീപ ജോസ്, ഫാർമക്കോളജി വിഭാഗം മേധാവി ഡോ. ഭരത് മിശ്ര എന്നിവർ പ്രസംഗിച്ചു.
ഫാർമക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രണ്ടു ദിവസത്തെ ദേശീയ സെമിനാറിൽ കാൻസർ ചികിത്സാ രംഗത്തെ ന്യൂതന ആശയങ്ങളെക്കുറിച്ചും ഗവേഷണ സാധ്യതകളെക്കുറിച്ചും വിദഗ്ധർ പ്രഭാഷണം നടത്തും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നാനൂറിൽപരം വിദ്യാർഥികളും അധ്യാപകരും ഗവേഷകരും കോണ്‍ഫറൻസിൽ പങ്കെടുക്കും. കോണ്‍ഫറൻസിന്റെ ഭാഗമായുള്ള പോസ്റ്റർ പ്രസന്റേഷൻ മത്സരങ്ങൾ ഇന്നു നടക്കും.