വലപ്പാട്: ഭർത്താവ്, മക്കൾ എന്നിവരുടെ സുരക്ഷ നോക്കുന്ന ഭാര്യ ഭയവും നാണവും മൂലം സ്തനാർബുദ പരിശോധനയിൽ പിന്നിലാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ഓരോ വർഷവും ശരാശരി 8500 സ്ത്രീകൾക്ക് സ്തനാർബുദം പിടിപെടുന്നുണ്ടെന്ന് കാൻസർ രോഗം വിദഗ്ദൻ ഡോ.വി.പി.ഗംഗാധരൻ. വലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭാവന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സധൈര്യം സമഗ്ര സൗജന്യ സ്തനാർബുദ പരിശോധന കാന്പയിനിലാണ് സ്തനാർബുദബോധവൽക്കരണ വേദിയായത്.
ജയിൽ ഡിജിപി ഋഷിരാജ് സിംഗ് സധൈര്യം ഉദ്ഘാടനം ചെയ്തു. കാൻസർ രോഗത്തെ പ്രതിരോധിക്കാൻ സ്ത്രീകൾ സ്വയം തയാറാകണം. സ്ത്രീകൾക്ക് സ്വയം പരിശോധിച്ച് സംശയമുണ്ടായാൽ ഡോക്ടറെ സമീപിച്ച് സുഖപ്പെടുത്താവുന്നതാണെന്ന് ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടി.
കൃത്യമായ പരിശോധനയിലൂടെ കാൻസറിനെ നമുക്ക് അതിജീവിക്കാം. അമേരിക്കയിൽ ഒന്പതുപേരിൽ ഒരു സ്ത്രീ കാൻസർ ബാധിതയാണെങ്കിലും മുൻകൂട്ടിയുള്ള പരിശോധനയ്ക്ക് ഇവർ തയാറാകുന്നതിനാൽ കാൻസറിനെ പ്രതിരോധിക്കാൻ കഴിയുന്നു അദ്ദേഹം പറഞ്ഞു.കേരളത്തിൽ പാൻ മസാല നിരോധിച്ചിട്ടും ഉപയോഗത്തിന് കുറവ് വന്നിട്ടില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ നേരത്തെ തന്നെ കൈവിട്ടു പോയിയെന്ന് അദ്ദേഹം പറഞ്ഞു.
അൽഅമീൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ആതുര ശ്രേഷ്ഠ പുരസ്ക്കാരം ഡോ.വി.പി.സിംഗിന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.തോമസ് അധ്യക്ഷനായിരുന്നു.ടി.എ.പ്രേംദാസ് സ്വാഗതവും ഷാഹിജ ഹമീദ് നന്ദിയും പറഞ്ഞു.