ജീവിതത്തിന്റെ അവസാനത്തോടുക്കുന്നവരുടെ അന്ത്യ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ഉറ്റവര്‍ പരമാവധി ശ്രമിക്കും, അമേരിക്കക്കാരി ആഷ്ലി നീല്സും ആ ഒരു ശ്രമത്തിലാണ്. ജീവിതത്തിന്റെ അന്ത്യനാളുകളിലെത്തി നില്ക്കുന്ന തന്റെ പ്രിയപ്പെട്ട നായ സ്പങ്കിയുടെ സന്തോഷം മാത്രമാണ് ആഷ്ലിയുടെ ഇപ്പോഴത്തെ ചിന്ത.
ഹസ്കി-ജര്‍മന്‍ ഷെപ്പേര്‍ഡ് സങ്കരയിനത്തില്‍പ്പെട്ട 12കാരനായ സ്പങ്കി കാന്‍സര്‍ ബാധിതനാണ്. ഇനി അധികദിവസം ഇവന് ആയുസില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയതോടെയാണ് സ്പങ്കിയുടെ ജീവിതത്തിന്റെ അന്ത്യവേള സന്തോഷമാക്കാന്‍ ആഷ്ലി തീരുമാനിച്ചത്. സ്പങ്കിയ്ക്ക് ദയാവധം നല്‍കാനുള്ള തീരുമാനം നീട്ടിവച്ചാണ് ഈ ആഷ്ലി ഈ തീരുമാനം കൈക്കൊണ്ടത്. മഞ്ഞില്‍ കളിക്കുന്നതായിരുന്നു സപ്ങ്കിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. സ്പങ്കിയുടെ ഈ ആഗ്രഹം സാധിക്കുന്നതിനായി കൃത്രിമമായി മഞ്ഞു സൃഷ്ടിച്ചിരിക്കുകയാണ് ആഷ്ലി. ഇതിനായി കൃത്രിമമായി മഞ്ഞുണ്ടാക്കുന്ന യന്ത്രം വാടകയ്ക്കെടുത്തുത്തിരിക്കുകയാണ്. ഈ ഉദ്യമത്തില്‍ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും ഉറച്ച പിന്തുണയും ആഷ്ലിയ്ക്കുണ്ട്.
” ഞാന്‍ സത്യസന്ധമായി പറയട്ടേ, ഇത് അവന് ഇഷ്ടമാകുമോ എന്നെനിക്കുറപ്പില്ലായിരുന്നു. കാരണം ഇത് അത്ര തണുപ്പുള്ള മഞ്ഞൊന്നുമല്ലായിരുന്നു. എന്നാല്‍ അവനത് ഇഷ്ടപ്പെട്ടു അവന്റെ മുഖഭാവങ്ങളില്‍ ആ അതിശയം കാണാമായിരുന്നു” ആഷ്ലി പറയുന്നു. ഇപ്പോള്‍ സ്പങ്കി സന്തോഷവാനാണ്. നന്നായി ഭക്ഷണം കഴിക്കുകയും ഓടുകയുമെല്ലാം ചെയ്യുന്നു വേദന അവന്റെ മുഖത്ത് കാണുന്നില്ല. എന്നിരുന്നാലും ഇനി രക്ഷപെടാന്‍ ഒരു സാധ്യതയില്ലെന്നാണ് മൃഗചികിത്സകര്‍ തറപ്പിച്ചു പറയുന്നത്. ഇനിയുള്ള ഏതാനും ദിവസങ്ങളില്‍ മുഴുവന്‍ സമയവും സ്പങ്കിക്കൊപ്പം ചിലവഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആഷ്ലി പറയുന്നു.