ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസമായി 1987 മുതൽ ആചരിച്ചു വരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്താൻ ലോകം ഒന്നിക്കുന്ന സമയമാണിത്.
സ്തനാർബുദ ബോധവൽക്കരണത്തിന്റെ പ്രാധാന്യം മനസിലാക്കാൻ, ഈ രോഗത്തെ പറ്റിയുള്ള വ്യക്തമായ സ്ഥിതിവിവരക്കണക്കുകൾ നാം അറിഞ്ഞിരിക്കണം. ഗ്ലോബോകാൻ ഡാറ്റ അനുസരിച്ച്, 2020 ൽ മാത്രം, ലോകത്ത് ഏകദേശം 2.26 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളും 6,85,000 സ്തനാർബുദവുമായി ബന്ധപ്പെട്ട മരണങ്ങളും ഉണ്ടായിട്ടുണ്ട്.
100,000 സ്ത്രീകളിൽ 45.6 ശതമാനം പുതിയ കേസുകളും. മരണനിരക്ക് 1,00,000 സ്ത്രീകളിൽ ഏകദേശം 15.2 ഉം ആണെന്ന് പഠനങ്ങൾ. ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്.
സ്തനാർബുദം
സ്തനാർബുദം സാധാരണയായി സ്ത്രീകളിലാണ് കണ്ടുവരുന്നത്. എന്നാൽ പുരുഷന്മാരിലും സ്തനാർബുദം വരാറുണ്ട്. ഗ്ലോബോകാൻ കണക്കുകൾ അനുസരിച്ചു 2020 ൽ, ഏകദേശം 2.2 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളാണ് സ്ത്രീകളിൽ കണ്ടെത്തിയത്.
അതേസമയം 41,000 പുതിയ കേസുകൾ പുരുഷന്മാരിൽ കണ്ടെത്തി. എന്നാൽ സ്തനാർബുദത്തിൽ നിന്നുള്ള മരണനിരക്ക് സ്ത്രീകളിൽ
വളരെയധികം കൂടുതലാണ്.
ഇതൊക്കെ സ്തനാർബുദത്തെ സ്വാധീനിക്കും
പ്രായം: പ്രായത്തിനനുസരിച്ച് സ്തനാർബുദ സാധ്യത വർധിക്കുന്നു. സ്ത്രീകൾ പ്രായമാകുമ്പോൾ പതിവായി സ്ക്രീനിംഗ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഫാമിലി ഹിസ്റ്ററി : കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദം ഉണ്ടെങ്കിൽ ആ കുടുംബത്തിലുള്ള സ്ത്രീകൾ ഉയർന്ന അപകടസാധ്യതയിലാണ്. നിർബന്ധമായും അവർ ഇടയ്ക്കിടെ പരിശോധന നടത്തേണ്ടത് നിർബന്ധ
മാണ്.
വ്യക്തിഗത ചരിത്രം: മുമ്പ് ഒരു സ്തനത്തിൽ അർബുദം വന്നവർക്ക് അടുത്ത സ്തനത്തിൽ വരാനുള്ള സാധ്യത കൂടുതലാണ്.
ജനിതകമാറ്റങ്ങൾ: BRCA1, BRCA2 എന്നിവ പോലുള്ള പ്രത്യേക ജനിതകമാറ്റങ്ങൾ സ്തനാർബുദ സാധ്യത ഗണ്യമായി ഉയർത്തും. ഇത്തരക്കാർക്ക് ശ്രദ്ധയോടെയുള്ള സ്ക്രീനിങ്ങും പ്രതിരോധ നടപടികളും ആവശ്യമായി വന്നേക്കാം.
ജീവിതശൈലീ ഘടകങ്ങൾ: അമിതവണ്ണം, ശാരീരികമായി സജീവമല്ലാത്ത സ്ത്രീകൾ, പുകവലി, മദ്യപാനം എന്നിവ സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
(തുടരും)
ഡോ. ദീപ്തി ടി. ആർ.
സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ, ഓൺ ക്യുയർ ബയോ സൊല്യൂഷൻസ്,കണ്ണൂർ.
ഫോൺ – 6238265965