മുൻകൂര്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് മിക്കവരിലും കാൻസർ പ്രത്യക്ഷപ്പെടുക. രോഗം കണ്ടെത്തുകയെന്നത് ഏറെ ക്ലേശകരവും ബുദ്ധിമുട്ടേറിയതുമായ സംഗതിയാണ്. മാത്രമല്ല, രോഗനിർണയവും ചികിത്സയും ഏറെ ചെലവേറിയതുമാണ്. പലപ്പോഴും ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്ര ഫലം കിട്ടിയെന്നും വരില്ല.
ഭൂരിപക്ഷം ആളുകളിലും കാൻസർ രോഗനിർണയം സംഭവിക്കുന്നത് വളരെ അപ്രതീക്ഷിതമായാണ്. ചില കേസുകളില്‍ കാൻസർ രോഗ സാധ്യത നമുക്ക് പ്രവചിക്കാൻ സാധിക്കും. അതുവഴി രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും കഷ്ടപ്പാടുകള്‍ നിയന്ത്രിക്കാനും ചികിത്സാ പുരോഗതി വിലയിരുത്താനുമാവും. അർബുദം വരുമോയെന്നു പ്രവചിക്കാനും രോഗനിർണയത്തിനും ചികിത്സയ്ക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒരു സഹായിയാണ് മോളിക്കുലാര്‍ ബയോമാർക്കറുകള്‍.
ചിലതു പാരമ്പര്യം…
പ്രായം കുറഞ്ഞവരില്‍ കണ്ടുവരുന്ന ചില കാൻസറുകള്‍ അവർക്ക് അവരുടെ മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്നതായിരിക്കാം. അമ്മയുടേയോ അച്ഛന്റെയോ ഭാഗത്തുനിന്നുള്ള ആർക്കെങ്കിലും കാൻസർ ഉണ്ടെങ്കില്‍ അവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിച്ചറിയുന്നത് നല്ലതായിരിക്കും. അവ നമ്മെ എങ്ങനെ ബാധിക്കുമെന്നും അറിഞ്ഞുവയ്ക്കുക. കാൻസർ വരാനുള്ള സാധ്യത ഉണ്ടോയെന്ന് അറിയുന്നതിന് വളരെ ലളിതമായ ഒരു ജനിതക പരിശോധന നടത്താവുന്നതാണ്.
വൈറൽ അണുബാധ
ചില പ്രത്യേക വൈറല്‍ അണുബാധ ചിലതരം കാൻസറുകള്‍ക്കു കാരണമായേക്കാം. ഉദാഹരണത്തിന് സെർവിക്കല്‍ കാൻസർ ഉണ്ടാകുന്നത് ഹ്യൂമന്‍ പാപ്പിലോമ വൈറല്‍ ഇൻഫെക്ഷന് മൂലമാണ്. എച്ച്പിവി വൈറല്‍ പരിശോധന നടത്തുമ്പോള്‍ പോസിറ്റീവായി കണ്ടാല്‍ അതിന് ഉചിതമായ ചികിത്സ നേടുക.
ലക്ഷണങ്ങൾ അവഗണിക്കരുത്
നിശ്ചിത പ്രായത്തിനുശേഷം, അതായത് ഏകദേശം 35 വയസിനു ശേഷം കാൻസർ വരാനുള്ള സാധ്യത ഏറെയാണ്. ഇത് സംബന്ധിച്ച ബോധവത്കരണ ക്ലാസുകളിൽ പങ്കെടുക്കുന്നത് നല്ലതാണ്. ശരീരത്തില്‍ സംഭവിക്കുന്ന പ്രത്യേക മാറ്റങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. സ്തനങ്ങളില്‍ മുഴ, ചുമയ്ക്കുമ്പോള്‍ രക്തം വരുക. മൂത്രത്തിലൂം മലത്തിലും രക്തം കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്.
പാൻ മസാല ഉപയോഗം
പുകവലി, മദ്യപാനം, പാൻ മസാല ഉപയോഗം, പുകയില സ്ഥിരമായി ചവയ്ക്കുക തുടങ്ങിയ ജീവിതരീതി ശീലിക്കുന്നവര്‍ക്ക് നേരത്തെ കാൻസർ വരാനുള്ള സാധ്യത ഏറെയാണ്. കൂടാതെ നിലവില്‍ മാർക്കറ്റില്‍ ലഭിക്കുന്ന ഒട്ടുമിക്ക ഭക്ഷണപദാർത്ഥത്തിലും കാൻസറിനു കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ചിലതിനെ നമ്മള് ജങ്ക് ഫുഡ് എന്നുവിളിച്ച് ഒഴിവാക്കുന്നുണ്ടാകാം.
എന്നാല്‍, ആരോഗ്യകരമായ നമ്മുടെ പതിവ് ഭക്ഷണത്തിലും നൈട്രോസാമൈനുകള്‍ പോലുള്ള ചില പദാർഥങ്ങള്‍ അധികമായി കണ്ടുവരുന്നുണ്ട്. കൂടാതെ ചില ഭക്ഷണങ്ങള്‍ ദഹിച്ചതിനു ശേഷം കാൻസറിനു കാരണമായേക്കാവുന്ന വിഷപദാർഥങ്ങളായി മാറുകയും ശരീരത്തിലെ സെല്ലുകള്‍ അവ വലിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.
ചില സാഹചര്യങ്ങളില്‍, സെല്ലുലാര്‍ മെറ്റബോളിസത്തിന്റെ പോരായ്മ മൂലം സാധാരണ നിരുപദ്രവകരമായ ഭക്ഷണം പോലും കാൻസറിനു കാരണമായേക്കാവുന്ന ഘടകമായി മാറിയേക്കാം. ചുരുക്കത്തില്‍ കാൻസറിനെ പൂർണമായി തടയുന്നതില്‍ ജീവിത ശൈലിക്കോ ഭക്ഷണക്രമത്തിനോ കാര്യമായ സ്വാധീനം ഇല്ലെന്നു തന്നെ പറയാം. കാൻസറിനു കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ വളരെ സാധാരണമാണിന്ന്. അതിനാൽ കാൻസറിനു കാരണം കണ്ടെത്തുന്നതിനെക്കാള്‍ നല്ലത് കാൻസർ നേരത്തെ തന്നെ തിരിച്ചറിയുക
എന്നതാണ്. (തുടരും)
വിവരങ്ങൾ:
ഡോ. പ്രശാന്ത് അരിയന്നൂര്‍ ക്ലിനിക്കല്‍ ജിനോമിക്സ് ലബോറട്ടി മേധാവി, കാർക്കിനോസ് ഹെല്‍ത്ത്കെയര്‍