കൊച്ചി: ഇന്ത്യയിൽ പ്രതിവർഷം 1.62 ലക്ഷം പുതിയ സ്തനാർബുദ രോഗികൾ ഉണ്ടാകുന്നെന്ന് പഠനം. സ്ത്രീകൾക്കിടയിലെ അർബുദ മരണങ്ങളിൽ 15 ശതമാനവും സ്തനാർബുദം മൂലമാണെന്നു കണ്‍സൽട്ടന്റ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. ബോബൻ തോമസ് പറഞ്ഞു.
2018ൽ ഇന്ത്യയിൽ 87,090 സ്ത്രീകൾ സ്തനാർബുദരോഗത്താൽ മരിച്ചു. ഇന്ത്യൻ നഗരങ്ങളിൽ ഉടനീളം ഇത് ആശങ്കപ്പെടുത്തും വിധത്തിൽ ആരോഗ്യ പ്രശ്നമായി വളർന്നിരിക്കുകയാണ്. 2030 ഓടെ സ്തനാർബുദ നിരക്ക് വർധിക്കുമെന്ന ആശങ്കയുണ്ട്.
സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടെത്താൻ സാധിച്ചാൽ രോഗി രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) പദ്ധതിക്കു കീഴിൽ സ്തനാർബുദ നിയന്ത്രണത്തിനും നിവാരണത്തിനും ബോധവത്കരണ പരിപാടികൾ കൂടുതലായി ആവിഷ്കരിച്ചു നടപ്പാക്കി വരുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.