കണ്ണൂർ: ലാൻസെറ്റ് ഓങ്കോളജി മെഡിക്കൽ ജേണലിൽ 2018 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച സുപ്രധാന പഠനപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണെന്ന് മലബാർ കാൻസർ സെന്റർ (എംസിസി) ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം.
കണ്ണൂരിനെ സന്പൂർണ കാൻസർ പ്രതിരോധ ജില്ലയാക്കി മാറ്റുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ സംയുക്ത പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അമേരിക്കയേയോ പാശ്ചാത്യ രാജ്യങ്ങളേയോ താരതമ്യം ചെയ്യുന്പോൾ ഇത് അത്രത്തോളം വരില്ലെങ്കിലും 10-15 വർഷങ്ങൾക്കുള്ളിൽ നാം ആ തലത്തിലേക്കെത്തും
. ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച് കാൻസറിന്റെ നിരക്ക് കൂടിക്കൊണ്ടിരിക്കും. കാൻസറിന് മികച്ച ചികിത്സയുള്ള വിദേശരാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കാൻസർ മൂലമുള്ള മരണനിരക്ക് വളരെ കൂടുതലുമാണ്.ജില്ലാ പഞ്ചായത്തിന്റെ ഈ പദ്ധതിയിൽ ഏറ്റവും പ്രധാനം കാൻസർ നേരത്തെ കണ്ടുപിടിക്കുക എന്നതാണ്. അതുപോലെ കാൻസർ രോഗികളെ എല്ലാവരുടേയും സഹായത്തോടെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരികയെന്നതും ലക്ഷ്യമാണ്.
ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കാൻസർ ബോധവത്കരണത്തിനും തെരഞ്ഞെടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും കാൻസർ പരിശോധനയ്ക്കു സംവിധാനം ഒരുക്കുമെന്ന് പദ്ധതി വിശദീകരിച്ച ഡെപ്യൂട്ടി ഡിഎംഒ ഡോ. രേഖ അറിയിച്ചു. ജില്ലാ ആശുപത്രിയെ നോഡൽ കേന്ദ്രമാക്കി മാറ്റും.
ഇതോടൊപ്പം എല്ലാ പഞ്ചായത്തുകളിലും പുകയില വിമുക്തമാക്കാനുള്ള ബോധവത്കരണം നടത്തണമെന്നും നിയമനടപടികൾ ശക്തമാക്കണമെന്നും അവർ നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, സെക്രട്ടറി വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.