മുളങ്കുന്നത്തുകാവ്(തൃശൂർ): കാൻസർ ബാധിച്ച തുടയെല്ലിന്റെ മൂക്കാൽ ഭാഗത്തോളം ശസ്ത്രക്രിയ വഴി മുറിച്ചു പുറത്തെടുത്ത് റേഡിയേഷൻ നല്കി കാൻസർവിമുക്തമാക്കി അതേ സ്ഥാനത്തു വീണ്ടും വച്ചുപിടിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ ആദ്യമായാണു ഇത്തരം കാൻസർ ശസ്ത്രക്രിയ വിജയകരമാകുന്നത്.
വർഷങ്ങൾക്കുമുന്പ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിൽപോലും ഇത്തരം ശസ്ത്രക്രിയകൾ അത്യപൂർവമാണ്. കാൻസർ വന്ന ഭാഗം മുറിച്ചുമാറ്റുകയാണ് സാധാരണ ചെയ്യുക. അതിൽനിന്നും വ്യത്യസ്തമായാണ് മെഡിക്കൽ രംഗത്തു വിപ്ലവകരമായ ശസ്ത്രക്രിയ നടത്തിയത്.
മലപ്പുറം കോത്തൂർ പിലായക്കാത്ത്് വീട്ടിൽ താമിയുടെ ഭാര്യ സുശീല(52)യുടെ ഇടതുകാലിലാണ് അപൂർവശസ്ത്രക്രിയ നടത്തി കാൻസർവിമുക്തമാക്കിയത്. അഞ്ചുമണിക്കൂറാണ് ഇതിനു വേണ്ടിവന്നത്. സ്വകാര്യ ആശുപത്രികളിൽ അഞ്ചുലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയ്ക്കു മെഡിക്കൽ കോളജിൽ പതിനായിരം രൂപയാണ് ചെലവെന്ന പ്രത്യേകതയുമുണ്ട്.
കൂലിപ്പണിക്കാരിയായ സുശീലയുടെ കാലിൽ 15 വർഷംമുന്പ് കല്ല് വീണു ചതഞ്ഞിരുന്ന. എന്നാൽ കൃത്യമായ ചികിത്സ തേടാത്തതുമൂലം പിന്നീട് അതു കാൻസറായി മാറുകയായിരുന്നു. കാലിലെ വേദന ശക്തമായപ്പോൾ നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല.
എടപ്പാളിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കാൽ മുറിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ അവസാനമായി ഒരു പരീക്ഷണത്തിനുകൂടി സുശീല മെഡിക്കൽ കോളജിനെ ആശ്രയിക്കുകയായിരുന്നു. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം യൂണിറ്റ് മേധാവി ഡോ. ടോംസി അനിൽ ജോണ്സന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ സുശീലയെ പരിശോധിച്ചു. തുടർന്ന് കാൻസർ വിഭാഗം മേധാവി ഡോ. ആർ. മഹാദേവന്റെ നേതൃത്വത്തിൽ മൂന്നുമാസം കീമോതെറാപ്പി ചികിത്സ നടത്തി. അതിനുശേഷമാണ് തുടയെല്ല് മുറിച്ചുമാറ്റി കാലിനെ അണുവിമുക്തമാക്കാൻ തീരുമാനിച്ചത്.
ഡോക്ടർമാരായ വിനേഷ് സേനൻ, ഡോ. ബിബിൻ, ഡോ. ആനന്ദ്, ഡോ. ഇൻഫ്രൻ, ഡോ. ഹരിത എന്നിവരാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിന്ദു, ഡോ. സുനിൽ, റേഡിയേഷൻ സ്പെഷലിസ്റ്റ് ചേതന, പത്തോളജി വിഭാഗത്തിലെ ഡോ. പ്രസാദ്, മെഡിക്കൽ കോളജ് സൂപ്രണ്ട ് ഡോ. ബിജു കൃഷ്ണൻ തുടങ്ങി വലിയൊരു സംഘത്തിന്റെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.