ന്യൂഡൽഹി: ഇന്ത്യയിലെ നാൽപ്പതു വയസില്‍ താഴെയുള്ളവരില്‍ കാന്‍സര്‍ വര്‍ധിക്കുന്നതായി പഠനങ്ങൾ. ഡല്‍ഹി ആസ്ഥാനമായുള്ള കാന്‍സര്‍ മുക്ത് ഭാരത് ഫൗണ്ടേഷന്റെ സമീപകാല പഠനമനുസരിച്ച്, ഇന്ത്യയിലെ ഇപ്പോഴത്തെ കാന്‍സര്‍ കേസുകളില്‍ 20 ശതമാനവും 40 വയസിനു താഴെയുള്ളവരിലാണ്. ഇതിൽ 60 ശതമാനവും പുരുഷന്മാരാണ്. 40 ശതമാനം സ്ത്രീകളും.
യുവജനങ്ങളിൽ കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ കൂടാൻ പ്രധാന കാരണം ജീവിതശൈലിയും ഭക്ഷണരീതികളുമാണെന്നാണു കണ്ടെത്തൽ. സംസ്കരിച്ച ഭക്ഷണങ്ങള്‍, പുകയില, മദ്യം എന്നിവയുടെ അമിതമായ ഉപയോഗം, ഉദാസീനമായ ജീവിതശൈലി, അമിതവണ്ണം, സമ്മര്‍ദം എന്നിവ കാൻസറിനെ ക്ഷണിച്ചുവരുത്തുന്നു.
മറ്റൊരു നിര്‍ണായകഘടകം പരിസ്ഥിതി മലിനീകരണമാണ്. രാജ്യത്തെ വൻ നഗരങ്ങൾ മാത്രമല്ല, ചെറുനഗരങ്ങളും നാട്ടിൻപ്പുറങ്ങളും വൻതോതിലുള്ള മലിനീകരണപ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്.
ശുദ്ധവായു, ജലം, പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്കു മുന്‍ഗണന നല്‍കണം.
കൂടാതെ, കൃത്യസമയത്ത് രോഗനിര്‍ണയവും ചികിത്സയും ഉറപ്പാക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന കാന്‍സര്‍ നിരക്കു കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന്റെയും ആരോഗ്യപരിപാലന വിദഗ്ധരുടെയും സമൂഹത്തിന്റെയും സംയുക്തശ്രമം അനിവാര്യമാണെന്ന് കാന്‍സര്‍ മുക്ത് ഭാരത് കാന്പയിൻ തലവനായ ഡോ. ആശിഷ് പറഞ്ഞു.