ലണ്ടൻ: ചർമ അർബുദമായ മെലനോമയ്ക്കെതിരേയുള്ള ആദ്യത്തെ വ്യക്തിഗത വാക്സിന് പരീക്ഷണം ആരംഭിച്ചു. ഓരോ വ്യക്തിക്കും പ്രത്യേകമായി വാക്സിൻ നിർമിച്ചാണു പരീക്ഷിക്കുന്നത്.
രോഗിയിൽനിന്നു കാൻസർ കോശങ്ങളുടെ ഭാഗം ശസ്ത്രക്രിയയിലൂടെ എടുത്തശേഷം അതിന്റെ ഡിഎൻഎ പരിശോധിക്കും. ഈ ജനിതക വിശകലനത്തിന്റെ അടിസ്ഥാനത്തിലാകും ഓരോ വ്യക്തിക്കും വേണ്ടിയുള്ള വാക്സിൻ നിർമിക്കുക.
ലോകമെമ്പാടുമുള്ള 1,100ഓളം ആളുകളാണ് പരീക്ഷണഘട്ടത്തിൽ പങ്കെടുക്കുന്നത്. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ വാക്സിൻ ഫലപ്രദമാണെന്നാണു തെളിഞ്ഞിരിക്കുന്നത്.
പരീക്ഷണത്തിൽ പങ്കെടുത്തവരിൽ സാധാരണ ചികിത്സയേക്കാൾ 49 ശതമാനം കുറവ് ആവർത്തന സാധ്യതയും, മരണ സാധ്യതയും കണ്ടതായി പറയുന്നു. പരീക്ഷണം പൂർണവിജയമായാൽ രോഗികളിൽ മെലനോമ വീണ്ടും വരാതിരിക്കാൻ വ്യക്തിഗത വാക്സിൻ സഹായകരമാകും.