അരിമ്പൂർ: ബ്രെയിൻട്യൂമർ ബാധിച്ച് ജീവിതത്തോട് മല്ലടിക്കുന്ന എഴുത്തുകാരനും നാടക നടനുമായ അരിമ്പൂർ കൈപ്പിള്ളി സ്വദേശി ചാലിശേരി വീട്ടിൽ റോബന്റെ ജപ്തി ഭീഷണിയിലായ വീടിന്റെ ആധാരം ധനസമാഹരണം നടത്തി വീണ്ടെടുത്തു നൽകി.
നിലപാട് കലാ സാംസ്കാരിക വേദി പ്രവർത്തകരുടെ നേതൃത്വത്തിലാണ് കട ബാധ്യത തീർത്ത് ആധാരം തിരികെ വാങ്ങിയത്. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്് സ്മിത അജയകുമാർ ലോൺ ബാധ്യത തീർത്ത വീടിന്റെ ആധാരം റോബന്റെ ഭാര്യ ജയക്ക് കൈമാറി. വൈസ് പ്രസിഡന്റ് സി.ജി. സജീഷ് അധ്യക്ഷനായി.
9.7 ലക്ഷം വരുന്ന ജപ്തി നടപടിയിലേക്ക് കടക്കുന്ന വീടിന്റെ കടബാധ്യതയാണ് റോബന്റെ സുഹൃത്തുക്കൾ ചേർന്ന് ബാങ്ക് അധികൃതരുടെ സുമനസോടെ നാലര ലക്ഷം രൂപയ്ക്ക് ക്ലോസ് ചെയ്തത്.
അരിമ്പൂർ കൈപ്പിള്ളിയിൽ മൂന്ന് സെന്ററിലുള്ള വീട്ടിലാണ് റോബനും കുടുംബവും താമസിക്കുന്നത്. നിലപാട് കലാ സാംസ്കാരിക വേദി പ്രസിഡന്റ് സജീവ് എരവത്ത്, സെക്രട്ടറി റഷി കുറ്റൂക്കാരൻ, ജനപ്രതിനിധികളായ പി.എ. ജോസ്, ജില്ലി വിൽസൺ, സി.പി. പോൾ, ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് സത്യദേവൻ മേലേടത്ത് പങ്കെടുത്തു.
തുടർന്ന് റോബന്റെ തുടർ ചികിത്സയ്ക്കുള്ള ധനസമാഹാരണത്തിനായി സുഹൃത്തുക്കൾ ചേർന്ന് സംഘടിപ്പിച്ച ഗാനമേളയും അരങ്ങേറി.