ശ്രീകൃഷ്ണപുരം: ക്യാൻസർ രോഗികൾക്ക് പെൻഷൻ ലഭിക്കുന്നതിന് സർക്കാർ ഏർപ്പെടുത്തുന്ന നിബന്ധനകൾ രോഗികളെ രോഗത്തേക്കാൾ വലക്കുന്നു. ആയിരം രൂപയാണ് ക്യാൻസർ രോഗികൾക്ക് പെൻഷനായി സർക്കാർ നൽകിവരുന്നത്. രോഗികൾ ആവശ്യമായ രേഖകൾ സഹിതം വില്ലേജ് ഓഫീസ് മുഖേന തഹസിൽദാർക്ക് അപേക്ഷ നൽകിയാൽ ക്രമമനുസരിച്ച് പോസ്റ്റ് ഓഫീസ് മുഖേന പെൻഷൻ ലഭിച്ചിച്ചിരുന്നു.
എല്ലാ വർഷവും ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റും രോഗം സംബന്ധിച്ചുള്ള സാക്ഷ്യപത്രവും നൽകണമെന്നത് ഉത്തരവിൽ പറയുന്നു. എന്നാൽ സാക്ഷ്യപത്രം തിരുവനന്തപുരം ആർ.സി.സിയിൽ നിന്നോ മെഡിക്കൽ കോളജുകളിൽ നിന്നോ തന്നെ വേണമെന്നത് രോഗികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ കഴിയുന്ന പാവപ്പെട്ട രോഗികൾക്ക് തിരുവനന്തപുരത്തും മറ്റും പോയി സാക്ഷ്യപത്രം സംഘടിപ്പിച്ച് പെൻഷൻ പദ്ധതി പുതുക്കാൻ ഏറെ പ്രയാസം നേരിടുകയാണ്.
രോഗിയുടെ ചികിത്സാ രേഖകൾ പരിശോധിച്ച് ബന്ധപ്പെട്ട സാക്ഷ്യപത്രം നൽകുന്നതിന് പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം ,എന്നിവകളിലെ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്നതാണ് രോഗികളുടെ ആവശ്യം. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പു മന്ത്രിക്ക് നിവേദനം നൽകാൻ കടന്പഴിപ്പുറം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് മാനേജ്മെന്റ്് കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.