മണ്ണാർക്കാട്: കാൻസർ ബാധിതരായ രോഗികൾക്ക് പ്രതിമാസം 1000 രൂപ റവന്യൂ വകുപ്പിൽ നിന്നും പെൻഷനായി ലഭിക്കുന്ന തുകയാണ് ഒരു വർഷത്തോളമായി നൽകാതെ കിടക്കുന്നത്.
ഈ തുക എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് കാൻസർ ബാധിതനും കാൻസർ രോഗികൾക്കു വേണ്ടി പ്രവർത്തിക്കുന്ന പ്രവർത്തകനുമായ പി.എസ്. സിദ്ദിഖ് ആവശ്യപ്പെട്ടു.
2021 ജനുവരി മുതൽ ഡിസംബർ വരെ 12 മാസത്തെ പെൻഷൻ നല്കേണ്ടിടത്ത് നാലോ അഞ്ചോ മാസത്തെ പെൻഷൻ നല്കി ബാക്കി സംഖ്യ ഫണ്ടില്ലെന്നു പറഞ്ഞു ഒഴിവാക്കുകയായിരുന്നു.
2022 ജനുവരി മുതൽ ഏപ്രിൽ വരെ നാലുമാസത്തെയും 2021ലെ ഏഴു മാസത്തെയും കുടിശിക കൂട്ടി 11 മാസത്തെ പെൻഷൻ ലഭിക്കണം. എന്നാൽ ഒരു മാസത്തെ പെൻഷൻ മാത്രമാണ് ലഭിച്ചത്.
ബാക്കി സംഖ്യ കുടിശികയായി വച്ചിരിക്കുകയാണ്. എന്നാൽ ഇതുതന്നെ മുഴുവൻ പേർക്കും ലഭിച്ചിട്ടുമില്ല.വിഷു, ഈസ്റ്റർ പെൻഷൻ സംഖ്യ റവന്യൂ വകുപ്പ് കടം പറഞ്ഞപ്പോൾ ധനകാര്യവകുപ്പ് പതിവിനു വിപരീതമായി ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ മുൻകൂറായി നല്കുകയാണ് ചെയ്തത്.
മാറാരോഗികളായ കാൻസർ, ക്ഷയം, കുഷ്ഠം, മറ്റ് മാരകരോഗങ്ങളാൽ നരകിച്ചു ജീവിതം തള്ളിനീക്കുന്നവരുടെ പെൻഷൻ സംഖ്യ കുടിശിക തീർത്ത് നല്കാനും ഓരോ മാസവും മുടങ്ങാതെ ഏക ആശ്രയമായ പെൻഷൻ ലഭിക്കുന്നതിനും വേണ്ട സഹായം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാ ണ് പി.എസ്. സിദ്ധിഖ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ ആവശ്യപ്പെടുന്നത്.
വിഷു – ഈസ്റ്റർ പ്രമാണിച്ച് സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ 57 ലക്ഷത്തോളം വരുന്നവർക്ക് ഇരട്ട പെൻഷനായി ഒരാൾക്ക് 3200 രൂപ വീതം നല്കാൻ 1537.88 കോടിരൂപയും ക്ഷേമനിധി പെൻഷൻ 208 കോടി രൂപയും നല്കിയപ്പോഴാണ് കാൻസർ രോഗികൾക്ക് പ്രതിമാസം 1000 രൂപ നല്കുന്നത് ഒരു വർഷത്തോളമായി മുടങ്ങിക്കിടക്കുന്നത്.