മോസ്കോ: കാന്‍സര്‍ രോഗത്തിനുള്ള പ്രതിരോധ വാക്സിന് വികസിപ്പിച്ചതായി റഷ്യ. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്കു സൗജന്യമായി ഇവ വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്ദ്രേ കാപ്രിന്‍ പറഞ്ഞു.
നിരവധി ഗവേഷണകേന്ദ്രങ്ങളുടെ സഹകരണത്തോടെ നിര്‍മിച്ച വാക്സിന് അടുത്തവര്‍ഷം ആദ്യം പൊതുജനങ്ങള്‍ക്കായി നല്‍കും.സ്വന്തമായി വികസിപ്പിച്ച കാന്‍സര്‍ പ്രതിരോധ എംആര്‍എന്‍എ വാക്സിൻ ഏതുതരം കാൻസറിനുള്ളതാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
വാക്സിന്റെ പരീക്ഷണഘട്ടം വിജയമായിരുന്നെന്ന് ഗമേലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുടെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റസ്ബര്‍ഗ് പറഞ്ഞു.
കാന്‍സര്‍ മുഴകളുടെ വളര്‍ച്ച, വീണ്ടും അതു പ്രത്യക്ഷപ്പെടുന്ന പ്രവണത എന്നിവ തടയാൻ വാക്സിനു കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.