തിരുവനന്തപുരം:മാനവരാശിയ്ക്ക് തന്നെ ഏറ്റവും ഭീഷണിയായ രോഗങ്ങളിലൊന്നാണ് കാന്‍സര്‍. ശരീരത്തെ ദുര്‍ബലമാക്കുമ്പോഴും പലരും കാന്‍സറിനെ അതിജീവിക്കുന്നത് മനക്കരുത്തു കൊണ്ടു കൂടിയാണ്. മനോബലത്താല്‍ കാന്‍സറിനെ അതിജീവിച്ച യുവാവിന്റെ തീവ്രമായ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്. കാര്‍ന്നു തിന്നുന്ന കാന്‍സറിനെ പ്രണയിനിയായി കണ്ടാണ് തിരുവനന്തപുരം സ്വദേശി നന്ദു നൈസായി ഒഴിവാക്കിയത്.
ആരെയെങ്കിലും നമ്മള്‍ പ്രണയിക്കുകയാണെങ്കില്‍ ക്യാന്‍സറിനെ പോലെ പ്രണയിക്കണം എന്നാണ് നന്ദുവിന്റെ അഭിപ്രായം. എത്ര നമ്മള്‍ ചവിട്ടി എറിയാന്‍ ശ്രമിച്ചാലും വിടാതെ പിന്തുടരുന്ന കാമുകിയായാണ് നന്ദു കാന്‍സറിനെ വിശേഷിപ്പിക്കുന്നത്. നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. കാന്‍സര്‍ ചികിത്സയുടെ ഓരോഘട്ടത്തിലെയും അനുഭവങ്ങള്‍ നന്ദു ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
”ശക്തമായ കീമോ ചെയ്തു നോക്കി. ആ കീമോയുടെ ശക്തിയില്‍ ശരീരം മുഴുവന്‍ പിടഞ്ഞു. പല ഭാഗങ്ങളും തൊലി അടര്‍ന്നു തെറിച്ചു പോയി. ചുരുക്കി പറഞ്ഞാല്‍ ദ്രോഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി. എന്നിട്ടും അവള്‍ പോയില്ല. ക്യാന്‍സറിനെ ഇനിയും പുറത്തു ചാടിക്കാനുള്ള ശ്രമത്തില്‍ തന്നെയാണ് താനെന്നും ഇതൊക്കെ ഒരു പനിയോ ജലദോഷമോ ആയി കാണാന്‍ തന്നെയാണ് തനിക്കിപ്പോഴും ഇഷ്ടമെന്നും നന്ദു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നമ്മള്‍ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍ ക്യാന്‍സറിനെപ്പോലെ പ്രണയിക്കണം..എങ്ങനെയാണ് എന്നല്ലേ
ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാന്‍ നോക്കി…
അവള്‍ മുറുകെ പിടിച്ച ഭാഗം മുഴുവന്‍ വെട്ടി എറിഞ്ഞു നോക്കി…
വീണ്ടും പഴയതിനെക്കാള്‍ ശക്തമായ കീമോ ചെയ്തു നോക്കി…ആ കീമോയുടെ ശക്തിയില്‍ ശരീരം മുഴുവന്‍ പിടഞ്ഞു…പല ഭാഗങ്ങളും തൊലി അടര്‍ന്നു തെറിച്ചു പോയി…ചുരുക്കി പറഞ്ഞാല്‍ ദ്രോഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി…എന്നിട്ടും അവള്‍ പോയില്ല..
ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്നേഹിക്കില്ല…
ഇപ്പൊ ദേ ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യം കേട്ടിട്ടാകും കാലില്‍ നിന്ന് ശ്വാസകോശത്തിലേക്ക് അവള്‍ താമസം മാറാന്‍ തീരുമാനിച്ചത്…എന്ത് തന്നെയായാലും ഞാന്‍ ഇങ്ങനെ തന്നെ പുഞ്ചിരിച്ചു കൊണ്ട് ഇവിടെ ഉണ്ടാകും…ഞാന്‍ ഇനിയും അവളെ പുറത്തു ചാടിക്കാനുള്ള യുദ്ധത്തില്‍ വ്യാപൃതനാണ്..
ഇതൊക്കെ ഒരു പനിയോ ജലദോഷമോ ആയി കാണാന്‍ തന്നെയാണ് എനിക്കിപ്പോഴും ഇഷ്ടം..
എത്ര നാള്‍ ജീവിച്ചു എന്നതില്‍ അല്ല എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതില്‍ തന്നെയാണ് വിജയം…അങ്ങനെ നോക്കുമ്പോള്‍ എന്നെപ്പോലെ വിജയിച്ചവര്‍ വളരെ വളരെ കുറവാണ്…ഇപ്പോഴും ജീവിച്ചിരിക്കുന്നത് തന്നെയാണ് ആ വിജയത്തിന്റെ തെളിവ്…
ഇനി മരണം മുന്നില്‍ വന്ന് നിന്നാലും എന്റെ ആത്മവിശ്വാസം തകരില്ല…
വിജയം എന്റേത് തന്നെയാണെന്ന് എനിക്കറിയാം..
അഭിമന്യു പോലും അറിഞ്ഞുകൊണ്ടാണ് പദ്മവ്യൂഹത്തില്‍ അകപ്പെട്ടത് എന്നാല്‍ ഞാന്‍ പൊടുന്നനെ കണ്ണടച്ചു തുറന്നപ്പോള്‍ പദ്മവ്യൂഹത്തില്‍ അകപ്പെട്ട ആളാണ്..
എന്നിട്ടും പതറാത്ത എന്റെ മനസ്സ് തന്നെയാണ് എന്റെ ബലം
ജീവിതത്തില്‍ കുഞ്ഞു കാര്യങ്ങള്‍ക്ക് മനം മടുത്ത് പോകുന്നവര്‍ക്ക് ഒരു വെളിച്ചമാകാന്‍ എന്റെ ജീവിതം തന്നെയാണ് എനിക്ക് സമര്‍പ്പിക്കാനുള്ളത്..
ഗാന്ധിജി പറഞ്ഞ പോലെ എന്റെ ജീവിതമാണ് എന്റെ സന്ദേശം…
പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി…
Waiting for a Miracle ??
NB : പലപ്പോഴും പലരും വിഷമാവസ്ഥയില്‍ സഹതാപത്തിന് വേണ്ടി ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്..അവരോട് എനിക്കൊരേ ഒരുകാര്യം പറയാനുണ്ട്…മരിക്കുന്നത് വരെ മനസ്സിന്റെ നട്ടെല്ല് നിവര്‍ന്ന് തന്നെ നില്‍ക്കട്ടെ