ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവിതം കാര്‍ന്നു തിന്നുന്ന രോഗമാണ് അര്‍ബുദം. പലതരം ലക്ഷണങ്ങളാണ് അര്‍ബുദത്തിന്. അതില്‍ പലതും നമ്മള്‍ ശ്രദ്ധിക്കാതെ നിസാരമായി കാണുന്നവയാണ്. എന്നാല്‍ ഇനി ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പേ അര്‍ബുദ നിര്‍ണയം നടത്താം. ഇതിനു സഹായിക്കുന്ന ഒരു പുതിയ രക്തപരിശോധന ഗവേഷകര്‍ വികസിപ്പിച്ചിരിക്കുകയാണ്.
ജോണ്‍ഹോപ്കിന്‍സ് കിമ്മെല്‍ സെന്ററിലെ ഗവേഷകരാണ് നശിച്ചു കൊണ്ടിരിക്കുന്ന അര്‍ബുദ കോശങ്ങളില്‍ നിന്ന് ചെറിയ അംശം ഡിഎന്‍എയെ തിരിച്ചറിയാവുന്ന ഈ ടെസ്റ്റ് വികസിപ്പിച്ചിരിക്കുന്നത്. അര്‍ബുദ മുഴകളിലെ ഡിഎന്‍എയെയും മറ്റുതരം ഡിഎന്‍എയെയും അതായത് ചിലപ്പോള്‍ അര്‍ബുദത്തിന്റെ ജൈവസൂചകങ്ങള്‍ എന്നു തെറ്റിദ്ധരിക്കാറുള്ളവയെയും വേര്‍തിരിച്ചറിയാന്‍ ഈ പരിശോധനയിലൂടെ സാധിക്കുന്നു.
ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, കുടലിലെ അര്‍ബുദം, അണ്ഡാശയ അര്‍ബുദം ഇവ നേരത്തെ തിരിച്ചറിയാന്‍ ഈ രക്ത പരിശോധയിലൂടെ സാധിക്കുന്നതാണ്. എത്രയും നേരത്തെ അര്‍ബുദം തിരിച്ചറിയുക എന്നതായിരുന്നു ഗവേഷകരുടെ പഠനത്തിന്റെ ലക്ഷ്യം. ഇത്തരമൊരു പരിശോധന ആദ്യത്തെതാണെന്നും ഇതുവരെ അര്‍ബുദം നിര്‍ണയിക്കപ്പെടാത്തവരില്‍ രോഗനിര്‍ണയം നടത്താന്‍ ഇതു സഹായിക്കും എന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. എത്രയും നേരത്തെ രോഗം കണ്ടുപിടിക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ വളരെ പ്രധാനമാണെന്ന് സയന്‍സ് ട്രാന്‍സിഷണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു