ഋഷി
തൃശൂർ: തൃശൂർ ജില്ലയിൽ കാൻസർ രോഗത്തിന്റെ സംശയലക്ഷണങ്ങളോടെ അയ്യായിരത്തിലധികം പേർ. വരന്തരപ്പിള്ളി പഞ്ചായത്തിൽ ആയിരത്തിലധികം പേർക്കാണ് ഇത്തരത്തിൽ സംശയലക്ഷണങ്ങളുള്ളത്. തൃശൂർ ജില്ലയിലെ കാൻസർ ബാധിതരെ കണ്ടെത്താനായി ജില്ല ആരോഗ്യവകുപ്പ് ജില്ലയിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ നടത്തുന്ന കാൻ തൃശൂർ പദ്ധതിയുടെ ഭാഗമായുള്ള സർവേയിലാണ് കാൻസർ സംശയലക്ഷണമുള്ളവരുടെ എണ്ണം ലഭിച്ചിരിക്കുന്നത്.
35 ലക്ഷത്തിലധികം ജനസംഖ്യയുള്ള തൃശൂരിൽ ഇതിനകം 25 ലക്ഷത്തിലധികം പേരെ സർവേ നടത്തി വിവരങ്ങൾ ശേഖരിച്ചതിലാണ് ഇരുപത്തി അയ്യായിരത്തിലധികം പേർക്ക് കാൻസറിന്റെ സംശയലക്ഷണങ്ങളുള്ളത്.ഇവർക്ക് രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കാനായുള്ള പരിശോധനകളും സ്ക്രീനിംഗും ഉടൻ ആരംഭിക്കും.ഭവനസന്ദർശനത്തിലൂടെയുള്ള സർവേ വഴി കാൻസറിന്റെ സംശയലക്ഷണങ്ങളുള്ളവരെ കണ്ടെത്തി അതിൽ രോഗമുള്ളവരെ വൈകാതെ തന്നെ ചികിത്സ നൽകാൻ തുടങ്ങുകയെന്നതാണ് കാൻ തൃശൂരിന്റെ ലക്ഷ്യം.
ഇപ്പോൾ സംശയലക്ഷണങ്ങളുമായി സ്ഥിരീകരണ പരിശോധനക്കായി എത്തുന്നവരെ പല വിഭാഗങ്ങളായി തിരിച്ചാണ് രോഗസ്ഥിരീകരണം നടത്തുക.വായിൽ കാൻസറുള്ളവരെ കണ്ടെത്താൻ ഡെന്റിസ്റ്റുകളും ഗർഭാശയ കാൻസർ സ്ഥിരീകരിക്കാൻ ഗൈനക്കോളജിസ്റ്റുകളും കുട്ടികളിലെ കാൻസർ മനസിലാക്കാൻ പീഡിയാട്രീഷ്യൻമാരും തുടങ്ങി എല്ലാ വിദഗ്ധ ഡോക്ടർമാരും രോഗസ്ഥിരീകരണ ക്യാന്പിലുണ്ടാകും.
കാൻ തൃശൂരിന്റെ രോഗസ്ഥിരീകരണ ക്യാന്പിന് ഡോക്ടർമാരുടെ സംഘടനകളെല്ലാം തന്നെ വൻപിന്തുണയാണ് നൽകുന്നതെന്ന് ജില്ല ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ അസോസിയേഷനുകളെല്ലാം എന്തു സഹായം വേണമെങ്കിലും ചെയ്യാൻ തയ്യാറായി എത്തിയിട്ടുണ്ട്.രോഗസ്ഥിരീകരണ ക്യാന്പുകളിലെത്തുന്നവർക്ക് കൗണ്സിംഗ് നടത്താനുള്ള സജ്ജീകരണവും ഒരുക്കും.
അച്ചടിച്ച ചോദ്യാവലിയെു സഹായത്തോടെയാണ് കാൻ തൃശൂർ പദ്ധതിയുടെ സർവേ നടത്തിയത്. പരിശീലനം ലഭിച്ച ആശാ പ്രവർത്തകരും അങ്കണവാടി പ്രവർത്തകരും ജില്ലയിലെ ഓരോ വീട്ടിലുമെത്തി വീട്ടുകാരുമായി സംസാരിച്ചാണ് വിവരശേഖരം നടത്തിയത്.സ്ഥിരീകരണ ക്യാന്പിൽ കാൻസർ രോഗചികിത്സ വിദഗ്ധർ, പാത്തോളജിസ്റ്റുകൾ എന്നിവരുമുണ്ടാകും. ബയോപ്സി, എക്സ് റേ, മാമോഗ്രാം, സ്കാനിംഗ്, എഫ്.എൻ.എ.സി, പാപ്സ്മിയർ ടെസ്റ്റുകൾ, അനുബന്ധ പരിശോധനകൾ എന്നിവ സൗജന്യമായിരിക്കും.
തൃശൂർ ജില്ലയിൽ വരന്തരപ്പിള്ളി പഞ്ചായത്തിൽ 400ൽ അധികം പുരുഷൻമാർക്കും 800നടുത്ത് സ്ത്രീകൾക്കും 30നടുത്ത് ആണ്കുട്ടികൾക്കും 15ലധികം പെണ്കുട്ടികൾക്കും കാൻസറിന്റെ സംശയലക്ഷണങ്ങൾ ഉള്ളതായാണ് സർവേയിൽ കണ്ടൈത്തിയത്.മറ്റു സ്ഥലങ്ങളിലെല്ലാം ആയിരത്തിൽ താഴെയാണ് സംശയലക്ഷണമുള്ളവരുടെ എണ്ണം.35 ലക്ഷത്തിലധികം പേരുടെ സർവേയും പൂർത്തിയാകുന്പോൾ 35,000 ത്തിനടുത്ത് സംശയലക്ഷണങ്ങളുള്ളവരെ പരിശോധിക്കേണ്ടി വരുമെന്നാണ് കാൻ തൃശൂരിന് ചുക്കാൻ പിടിക്കുന്നവരുടെ കണക്കുകൂട്ടൽ.
സർവേ നടക്കുന്നതിനിടെ സംശയലക്ഷണങ്ങൾ കണ്ട ചിലർ ക്യാന്പിന് കാത്തുനിൽക്കാതെ നേരത്തെ തന്നെ രോഗസ്ഥിരീകരണം നടത്തിയപ്പോൾ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.രോഗസംശയലക്ഷണങ്ങളുള്ളവരുടെ എണ്ണം പതിനായിരത്തോളം മാത്രമേ ഉണ്ടാകൂവെന്നായിരുന്നു സർവേ ആരംഭിക്കുന്പോൾ ആരോഗ്യവകുപ്പധികൃതർ കരുതിയിരുന്നുള്ളു. എന്നാൽ മുപ്പത്തിഅയ്യായിരത്തിനടുത്തേക്ക് കാൻസർ സംശയലക്ഷണങ്ങളുള്ളവരുടെ എണ്ണമെത്തുന്നുവെന്നത് അന്പരപ്പിക്കുന്നതായെന്ന് അധികൃതർ സമ്മതിക്കുന്നു.
കാൻസറിനെ വൈകാതെ കണ്ടെത്തി ചികിത്സ ആരംഭിക്കുകയെന്ന പ്രധാനപ്പെട്ട ഘട്ടമാണ് ഇനി നടക്കാൻ പോകുന്ന രോഗസ്ഥിരീകരണ പരിശോധന അഥവാ സ്ക്രീനിംഗ്.ലിസ്റ്റിലുള്ളവരെ ക്യാന്പുകളിലെത്തിക്കുകയെന്ന വലിയ ദൗത്യമാണ് കാൻ തൃശൂരിന്റെ പ്രവർത്തകരെ കാത്തിരിക്കുന്നത്.എന്നാൽ ആളുകൾ മടികാണിക്കാതെ ക്യാന്പിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.