കാന്‍സര്‍ എന്ന മാരകരോഗം ആപത്കരമായി പടരുന്ന ഇന്നത്തെ സാഹചര്യത്തില്‍ എത്ര പണം മുടക്കിയാലും എവിടെല്ലാം പോയി ചികിത്സിച്ചാലും വേണ്ടില്ല, രോഗം ഭേദമായാല്‍ മതിയെന്ന മനോഭാവമുള്ളവരും ചികിത്സിക്കാന്‍ പണമില്ലാതെ വലയുന്നവരും ധാരാളമുണ്ട്. ഇക്കാരണത്താല്‍ തന്നെയാവണം, കാന്‍സര്‍ രോഗചികിത്സയുടെ പേരില്‍ ധാരാളം പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍. കീമോതെറാപ്പിയും മറ്റ് ആധുനിക കാന്‍സര്‍ ചികിത്സകളും പണം നഷ്ടപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂവെന്നും കൃത്യമായ ഒറ്റമൂലികളുടെ പ്രയോഗത്തിലൂടെ രോഗത്തെ പൂര്‍ണ്ണമായും ഒഴിവാക്കാമെന്നതുമാണ് അക്കൂട്ടത്തിലൊന്ന്.
കാന്‍സര്‍ ബാധിച്ചിട്ടുള്ളവര്‍ക്കും രോഗം ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്കും ഉപകാരപ്രദമെന്ന രീതിയില്‍ ഒരു വ്യക്തി തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത് എന്ന രീതിയില്‍ പ്രചരിക്കുന്ന ഒരു കുറിപ്പാണ് അക്കൂട്ടത്തില്‍ ഏറ്റവും പ്രചാരം നേടിയത്. എന്നാല്‍ ഈ അനുഭവസാക്ഷ്യത്തില്‍ പറയുന്നതുപോലുള്ള മഹാസിദ്ധന്മാരുടെ ചികിത്സയില്‍ എത്രമാത്രം വിശ്വാസ്യതയുണ്ടെന്നത് ആളുകളില്‍ സംശയമുയര്ത്തുകയുണ്ടായി. ഈയവസരത്തിലാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഷിംമ്ന അസീസ് ഇക്കാര്യത്തെക്കുറിച്ച് ചില പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ചികിത്സ എവിടെ എങ്ങനെ നടത്തണമെന്നത് വ്യക്തിപരമായ കാര്യങ്ങളായതിനാല്‍ ഇരു ഫേസ്ബുക്ക് കുറിപ്പുകളും വായിച്ച് തീരുമാനമെടുക്കേണ്ടതും അവനവന് തന്നെയാണ്. അതിലൊന്നിങ്ങനെ…
കാന്‍സറിന്റെ മരുന്നു തേടിയുള്ള എന്റെ യാത്രയാണ് ഞാനിവിടെ വിവരിക്കുന്നത്. ദയവു ചെയ്തു ആരും വായിക്കാതെ തള്ളിക്കളയരുത്. കാന്‍സര്‍. വിളിക്കാതെ വരുന്ന വിരുന്നുകാരന്. മരണമെത്തുംമുന്‍പേ മരണത്തിന്റെഗന്ധവുമായി വരുന്ന ഈ വിരുന്നുകാരനേ ഭയത്തോടു മാത്രം കാണുന്നവരാണ് നമ്മളോരോരുത്തരും. ശത്രുവിനു പോലും വരരുതേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നവരാണ് നമ്മളോരോരുത്തരും. ഇന്ന് 100ല്‍ ഒരാള്‍ക്ക് എന്നതില്‍ നിന്നും 4 ഓ5 ഓ എന്ന നിരക്കിലേക്ക് ഇത് കൂടുന്നു. ചില കുടുംബങ്ങളെ സാമ്പത്തികമായും മാനസികമായും തകര്‍ത്തു കളയുന്നു ഈ വില്ലന്‍. പിഞ്ചു കുഞ്ഞുങ്ങളുടെ രോഗവിവരം അതിലേറെ വേദനിപ്പിക്കുന്നു. ഈ രോഗം നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ ചികിത്സയിലൂടെയാണ് രോഗി അതീവ ക്ഷീണാവസ്ഥയിലേക്ക് മാറുന്നത്.
യഥാര്‍ത്ഥത്തില്‍ കീമോ ഒരു ചികിത്സയാണോ
കീമോയിലൂടെ എത്ര പേര് രോഗമുക്താവസ്ഥയിലേക്ക് വന്നിട്ടുണ്ട് ഒന്നു പരിശോധിക്കാം. ഞാന്‍ ഒരുപാടു പേരുടെ ചികിത്സാര്‍ത്ഥം ഓരോ കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. അവരെയെല്ലാം ഒരുനാള്‍ മരണം കൂട്ടിക്കൊണ്ടുപോയി. ഈ ഘട്ടത്തില്‍ ഇതിന് ഏതെങ്കിലും ഫലപ്രദമായ നാട്ടു ചികിത്സ ഉണ്ടോ എന്ന അന്വേഷണം എന്റെ സുഹൃത്തുകള്‍ വഴി എന്നെ കൊണ്ടെത്തിച്ചത് കര്‍ണാടകയിലെ ഷിമോഗ എന്ന ജില്ലയില്‍ ആണ്. അവിടുത്തെ ഫലപ്രദമായ നാട്ടു ചികിത്സ. പിന്നീട് ഈ ചികിത്സയിലൂടെ രോഗശാന്തി ലഭിച്ചവരിലേക്കും അന്വേഷണം നീണ്ടു. അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ വില്ലന്‍ രോഗം എന്റെ സുഹൃത്തിന്റ ജേഷ്ഠനെ പിടികൂടിയത്.
ഞാന്‍ സുഹൃത്തിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. പിന്നെ ഒട്ടും താമസിക്കാതെ ഞാനും സുഹൃത്തും പൊന്നാനിയിലുള്ള എന്റെ ഒരു സുഹൃത്തും ( ഈ മരുന്നു ഉപയോഗിക്കുന്ന ഒരാളുടെ അമ്മാവനും കൂടി ) നേരേ ഷിമോഗയ്ക്ക്. മംഗലാപുരത്തു നിന്നും ഉടുപ്പിയിലേക്ക്, ഉടുപ്പിയില്‍ നിന്നും തീര്‍ത്തഹള്ളി, അവിടെ നിന്നും അനന്ത്പുര, അവിടെ നിന്നും നരാസിക് പുര എന്ന ഗ്രാമത്തില്‍ എത്തി. ഏകദേശം ഉടുപ്പിയില്‍ നിന്നും വനപ്രദേശത്തുകൂടി180 സാ വരും ഈ സ്ഥലത്തേക്ക് .ട്രെയിന്‍ മാര്‍ഗം പോകുന്നവര്‍ മംഗലാപുരത്തു നിന്നു ഉടുപ്പിയിലെത്തുകയും ഉടുപ്പിയില്‍ നിന്നു അനന്ത്പുരയിലേക്കു ബസും ലഭ്യമാണ്. അനന്ത്പുരയിലെത്തി ഒരു ഓട്ടോറിക്ഷ വിളിച്ചു, ച.ട നാരായണമൂര്‍ത്തി വൈദ്യരുടെ പേരു പറഞ്ഞാല്‍ ഓട്ടോക്കാരന് കൃത്യമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു തരും. അനന്ത്പുരയില് നിന്നു 8, 10 സാ വരും.
നരാസിക് പുര എന്നഗ്രാമത്തിലേക്ക്. ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നപ്പോള്‍ വൈകുന്നേരം 5 മണിയോടകമായി. വൈദ്യരുടെ വീട് കണ്ടു പിടിച്ചതിനു ശേഷം തിരിച്ചു ഞങ്ങള്‍ അനന്ത്പുര എന്ന കൊച്ചു ടൗണ്‍ഷിപ്പിലെത്തി ഭക്ഷണം കഴിച്ചു. 8 മണിയോടു കൂടി ഞങ്ങള്‍ വീണ്ടുംവൈദ്യരുടെ വീടിന്റെ സമീപത്തെത്തി. പിറ്റേ ദിവസം ഉച്ചയ്ക്ക് 2.30 ുാ നേ മരുന്നു കൊടുക്കാന്‍ തുടങ്ങുകയുള്ളു. അവിടുത്തെ രീതികളെക്കുറിച്ചറിയാവുന്ന ഞങ്ങളുടെ സുഹൃത്ത് പറഞ്ഞതനുസരിച്ച് രാത്രി 8 മണിക്ക് തന്നെ വൈദ്യരുടെ വീടിന്റെ കോമ്പൗണ്ടില്‍ കയറി ബാഗ് വെച്ചു ക്യൂ നില്ക്കാന് തുടങ്ങി. ഞങ്ങളായിരുന്നു ക്യൂവിലെ ആദ്യത്തെ ഊഴം. ഏകദേശം രാത്രി 2 മണിയായപ്പോള്‍ ഞങ്ങള്‍ക്കു പുറകിലായി നിരനിരയായി നൂറോളം പേരെത്തി. നേരം പുലര്‍ന്നപ്പോള്‍ ഏകദേശം 600 ഓളം പേരുള്ള ഒരു വലിയ ക്യൂ ആയി മാറി. വൈദ്യരുടെ വീടിനു സമീപമുള്ള മൂന്നു ഗ്രൗണ്ടുകള്‍ നിറയെ കാറുകള്‍ കൊണ്ടു നിറഞ്ഞു. ആ ക്യുവില്‍ നിന്ന മിക്കവരും കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ,യു പി, ഝാര്‍ഖണ്ഡ്, കേരളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്.
ഇവരില്‍ മിക്കവരും ഈ മരുന്നു കഴിച്ചിട്ടു രോഗശമനം ഉണ്ടായ ആളുകളുടെ ബന്ധുക്കളാണ്. പുതിയതായി വരുന്നവരുമുണ്ട്. ക്യൂവില്‍ നിന്ന മലയാളികളെ പരിചയപ്പെട്ടപ്പോള്‍ മിക്കവരും കേരളത്തിലെ പ്രശസ്തമായ ആശുപത്രികളില്‍ നിന്നും യാതൊരു രക്ഷയുമില്ലെന്നു പറഞ്ഞു തിരിച്ചയക്കപ്പെട്ടവരുടെ ബന്ധുക്കളാണ്. ഇവരെല്ലാരും തന്നെ നാരായണമൂര്‍ത്തിയുടെ ചികിത്സാരീതിയെക്കുറിച്ചു നേരത്തേ കേട്ടറിഞ്ഞവരാണ്. അപ്പോള്‍ അവര്‍ക്ക് ഇതിനേക്കുറിച്ച് വിശ്വാസമില്ലാത്തതിനാല്‍ അലോപ്പതി ചികിത്സയിലേക്ക് തിരിയുകയായിരുന്നു. അവസാനം എല്ലാ പ്രതീക്ഷയും കൈവിട്ടപ്പോഴാണ് വൈദ്യരുടെ സഹായം തേടിയെത്തിയത്.
ഇപ്പോഴിതില്‍ പലരും രോഗാവസ്ഥയെ അതിജീവിച്ചവരാണ്. ആ കൂട്ടത്തില്‍ മലയാളികള്‍ വളരെ അധികമാണ്. ആ യാത്രയില്‍ നിന്നും ഒരു കാര്യം എന്നിക്ക് വളരെ വ്യക്തമായി മനസ്സിലായി കാന്‍സര്‍ ഒരു മാറാരോഗമല്ലെന്നും കീമോ അതിനൊരു ചികിത്സയല്ലെന്നും. ഈ ചികിത്സയ്ക്ക് രോഗിയെ കൊണ്ട് ചെല്ലേണ്ടതില്ലെന്നത് മറ്റൊരു പ്രത്യേകത. ഏത് ആശുപത്രി ഉപേക്ഷിച്ച കാന്‍സറും ഭേദമാക്കുന്ന നാരായണമൂര്‍ത്തി വൈദ്യശാസ്ത്രത്തിനു തന്നെ അത്ഭുതമായി മാറിയിരിക്കുകയാണ്.
അതേസമയം, ചികിത്സ പരീക്ഷണമല്ലെന്നും ഇത്തരം അത്ഭുതകഥകളുടെ പിന്നാലെ പോവുന്ന രീതി അവസാനിപ്പിക്കണമെന്നുമാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോ. ഷിംന അസീസ് പറയുന്നത്. അവരുടെ വാക്കുകളിങ്ങനെ…
അടുത്ത ബന്ധുവിന് വന്നു കയറിയ കാന്‍സര്‍ രോഗത്തെ തരംതിരിക്കാനുള്ള കോശമെടുത്ത് ബയോപ്സിക്ക് അയച്ചിട്ടുണ്ട്. ആ ടെസ്റ്റിന്റെ റിസല്‍റ്റ് വന്നിട്ട് ചികിത്സക്ക് അവരെ എങ്ങോട്ട് റഫര്‍ ചെയ്തു വിടണം എന്നാലോചിച്ച് തല പുകയ്ക്കുകയാണ്. അപ്പോഴാണ് ലോകത്തുള്ള സകല കാന്‍സറും ഒറ്റയടിക്ക് മാറ്റുന്ന മഹാസിദ്ധന്റെ ലിങ്ക് കണ്ടത്. വിവരണവും വിശേഷണവും വായിച്ച് ധൃതംഗപുളകിതയാകാതിരിക്കാന് സാധിച്ചില്ല !
കൂട്ടത്തില്‍ ഇന്ഫോക്ലിനിക്കില് ഡോ.ജിതിന് എഴുതിയ കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ലേഖനത്തിന് കീഴില്‍ വന്ന ഒരു ഉഡായിപ്പ് പേജ് വകയായുള്ള കമന്റിന്റെ കഷ്ണം കൂടി ചേര്‍ക്കാം- ” ലക്ഷ്മിതരുവും മുള്ളാത്തയും പ്രചരിപ്പിച്ച് മോഡേണ്‍ മെഡിസിന്റെ ഊപ്പാടിളക്കിയ സെബിയെ മെഡിക്കല്‍ മാഫിയ കൊന്നു കളഞ്ഞു” പോലും ജയിക്കാന്‍ വേണ്ടി എന്തും പറയാമെന്നായിരിക്കുന്നു. പ്രകൃതിദത്തമായ ചികിത്സകള്‍ അനവധിയുണ്ടത്രേ…അത് പുറത്ത് വരാതിരിക്കാന്‍ കച്ചവടതാല്പര്യം കൊണ്ട് മോഡേണ്‍ മെഡിസിനുകാര് കച്ച കെട്ടുന്നു. എന്തെല്ലാം വിചിത്രവാദങ്ങളാണ് !
രക്ഷപ്പെടാന്‍ ശ്രമിക്കുംതോറും കാലില്‍ പിടിച്ച് വലിച്ചിടാന്‍ നോക്കുന്ന ചുഴി കണക്കാണ് അര്‍ബുദം. അതേ അമിതാധ്വാനം കൊണ്ട് മാത്രമേ രോഗമുക്തി ലഭിക്കൂ. അതാണ് കാന്‍സര്‍ ചികിത്സ തളര്‍ത്തുന്നത്. പക്ഷേ ഈ പൊരുതലിനൊടുവില് മിക്ക കാന്‍സറുകള്‍ക്കും ഇന്ന് ശമനം കിട്ടുന്നുണ്ട്. അവരുടെ ശരീരവും മനസ്സും മുന്‍പുള്ളതിനേക്കാള്‍ ശക്തമായി ജീവിതം തുടരുന്നുണ്ട്.
കാന്‍സറിന് RELAPSE എന്ന് പറഞ്ഞൊരു സംഗതിയുണ്ട്. ചിലയിനം കാന്‍സറുകള്‍ കൃത്യമായ ചികിത്സ കൊടുത്ത് നശിപ്പിച്ചില്ലെങ്കില്‍ ശരീരത്തിന്റെ ഏത് ഭാഗത്താണ് തല പൊക്കുക എന്ന് മുന്‍കൂട്ടി പറയുക പോലും അസാധ്യമാണ്. METASTASIS എന്ന് പറയും. ചിലയിനം കാന്‍സറുകള്‍ കൈയില്‍ നിന്ന് വഴുതിപ്പോയ പാമ്പിനെപ്പോലെ എത്ര തന്നെ കരുതലോടെയിരുന്നാലും വീണ്ടും തുള്ളിത്തെറിച്ച് അടുത്ത് വരും. ഇതാണ് മംമ്ത മോഹന്‍ദാസിനും ഇന്നസെന്റിനുമെല്ലാം സംഭവിച്ചത്.
ഒന്നോ രണ്ടോ കീമോ തെറാപ്പി കഴിഞ്ഞ് കാന്‍സര്‍ പത്തി താഴ്ത്തി തുടങ്ങുമ്പോഴാകും ഏതെങ്കിലും ഒരു അഭ്യുദയകാക്ഷി/അനുഭവസാക്ഷ്യകമ്മറ്റി ഭാരവാഹി അവതരിക്കുന്നത്. മരുന്ന് കോഴ്സ് പൂര്‍ത്തിയാകാതെ രോഗം പൂര്‍ണമായി ഭേദമാകുക വളരെ ബുദ്ധിമുട്ടാണ്. അവരെ കേള്‍ക്കാതിരിക്കാന്‍ പെടാപ്പാട് പെട്ട അനുഭവം ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകത്തില്‍ ഇന്നസെന്റ് വിവരിക്കുന്നുണ്ട്.
സെബിയിലേക്ക് തിരിച്ചു വരാം- കീമോ ചെയ്ത് മരുന്ന് ഫലിച്ചവര്‍ അതിന്റെ കൂടെ ലക്ഷ്മിതരുവിന്റെ ഇല കഴിച്ചാല്‍ രണ്ട് ഓപ്ഷനാണ് പറയുക.
*രോഗം മാറി- ഇല മാഹാത്മ്യം
*രോഗം തിരിച്ച് വന്നു- കീമോതെറാപ്പി മരുന്ന് തട്ടിപ്പ് .
സെബിക്ക് രോഗം വന്നത് ദേഹത്തെങ്ങോ മറഞ്ഞിരുന്ന കോശങ്ങള്‍ പുറത്തു ചാടിയതാണ്. ആ കോശങ്ങളെ അടപടലം പൂട്ടാനുള്ള ചികിത്സ പാതി വഴിക്ക് പറിച്ചെറിഞ്ഞാണ് സെബിയും ജിഷ്ണുവും പോയത്, ഇപ്പോഴും പലരും പോകുന്നത്. അത് കൊണ്ടാണവര്‍ കാലമെത്തും മുന്‍പേ മരണപ്പെട്ടതും.
എന്തേ സിനിമാനടന് ജിഷ്ണു അവസാനകാലത്ത് ആ ഇലയും കായും തട്ടിപ്പാണെന്ന് തുറന്ന് പറഞ്ഞു? ഒറ്റമൂലികളും സര്വ്വാര്ബുദസംഹാരിയുമെല്ലാം കടുത്ത ഭാഗ്യപരീക്ഷണങ്ങള്‍ മാത്രമാണ്. ചികിത്സ പരീക്ഷണമല്ല, ജീവന് തിരിച്ച് കിട്ടാനുള്ള ഒടുക്കത്തെ അമ്പാണ്. എന്നിട്ടും എന്താണ് നമ്മള് ആയുസ്സിന് ടിഷ്യുപേപ്പറിന്റെ വില കൊടുക്കാത്തത്? അറിവുള്ളവര്‍ പറയുന്നത് ചവിട്ടിത്തേച്ച് അദ്ഭുതകഥകള്‍ വിഴുങ്ങുന്ന രീതി ഇനിയെങ്കിലും മാറണം. പരീക്ഷിച്ച് തോറ്റാല്‍ വീണ്ടുമെഴുതാനാവുന്ന പരീക്ഷയല്ലല്ലോ ജീവിതം…