ഇരിങ്ങാലക്കുട: കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി (19) കാരൻ മാതൃകയായി . കാൻസർ രേഗികൾക്ക് വിഗ് നിർമിക്കുവാൻ മുടി മുറിച്ച് നൽകുകയായിരുന്നു അക്ഷയ് എന്ന് യുവാവ്. കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശി തലക്കാട്ട് അക്ഷയ് എന്ന യുവാവാണ് തന്റെ മുടി കാൻസർ രോഗികളുടെ വിഗ് നിർമാണത്തിനായി ദാനം ചെയ്യുവാൻ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഹിന്ദി വിഭാഗം മേധാവിയായ സിസ്റ്റർ റോസ് ആന്റോയെ തേടി ഇരിങ്ങാലക്കുടയിലെത്തിയത്.
ഒന്പതു മാസം മുൻപാണ് അക്ഷയ് മുടി വളർത്തി തുടങ്ങിയത്. 30 സെന്റീമിറ്റർ വളർച്ച വന്നതിനു ശേഷമേ മുടി നൽകാൻ കഴിയുകയുള്ളുവെങ്കിലും എസ്ബിഐ തൃശൂർ ബ്രാഞ്ചിൽ ഫീൽഡ് ഓഫീസർ ആയി ജോലി കിട്ടിയതിനാൽ മുടി നേരത്തെ ദാനം ചെയ്യുകയായിരുന്നു. ജോലിക്കു കയറി കുറച്ചുനാൾ കഴിഞ്ഞാൽ അനുമതി ലഭിച്ച് തന്റെ മുടി ഇനിയും വളർത്തി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുവാൻ നൽകണമെന്നാണ് ഈ 19 കാരന്റെ ആഗ്രഹം.