സ്വന്തം ലേഖകൻ
മുളംകുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ ലഭിക്കാതെ കാൻസർ രോഗികൾ വേദനകൊണ്ട് പുളയുന്പോൾ കോഴിക്കോടുള്ള സേഫ്റ്റി ഓഫീസർക്ക് തൃശൂർക്ക് വരാൻ മടി. റേഡിയേഷൻ നൽകണമെങ്കിൽ സേഫ്റ്റി ഓഫീസർ വേണമെന്നാണ് ചട്ടമെന്നിരിക്കെ സേഫ്റ്റി ഓഫീസറുടെ ഒഴിവുളള തസ്തികയിലേക്ക് കോഴിക്കോട് മമെഡിക്കൽ കോളജിലെ ഒരു സേഫ്റ്റി ഓഫീസറെ തൃശൂരിലേക്ക് നിയമിച്ചു.
എന്നാൽ സ്വന്തം തട്ടകം വിട്ട് തൃശൂർക്ക് വരാൻ മടിയുള്ള സേഫ്റ്റി ഓഫീസർ ഉന്നതങ്ങളിലുള്ള തന്റെ പിടിപാടുകൊണ്ട് തൃശൂർക്കുള്ള ട്രാൻസ്ഫർ നിയമന ഉത്തരവ് പിൻവലിപ്പിച്ച് സേഫായി കോഴിക്കോടു തന്നെ തുടരുകയാണ്. ട്രാൻസ്ഫർ ചെയ്ത് ഉത്തരവിറക്കിയ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ തന്നെ നിയമന ഉത്തരവ് പിൻവലിക്കുകയായിരുന്നു.
ഭരണതലത്തിൽ ഉന്നത പിടിപാടുള്ള സേഫ്റ്റി ഓഫീസർ വരാൻ കൂട്ടാക്കാതെ ഉത്തരവ് പിൻവലിപ്പിച്ചതോടെ റേഡിയേഷൻ ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് തൃശൂർ മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന നിരവധി കാൻസർ രോഗികൾക്കില്ലാതായിരിക്കുന്നത്.
ഒന്നരമാസമായി തൃശൂർ മെഡിക്കൽ കോളജിൽ സേഫ്റ്റി ഓഫീസറില്ല. റേഡിയേഷന്റെ ഡോസ് നിശ്ചയിച്ച് നൽകേണ്ട ചുമതല സേഫ്റ്റി ഓഫീസർക്കാണ്. നിരവധി രോഗികളാണ് കീമോ തെറാപ്പിക്കു ശേഷം റേഡിയേഷൻ കാത്തുകിടക്കുന്നത്.
റേഡിയേഷൻ വേണമെങ്കിൽ കിട്ടും…
സേഫ്റ്റി ഓഫീസറില്ലാത്തതുകൊണ്ട് കാൻസർ രോഗികൾക്ക് റേഡിയേഷൻ ലഭിക്കുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും ചില ഡോക്ടർമാരെ കാണേണ്ടപോലെ കണ്ടാൽ റേഡിയേഷൻ ചെയ്തുകൊടുക്കുമെന്നാണ് മെഡിക്കൽ കോളജിലെ അങ്ങാടിപ്പാട്ട. നിലവിലുണ്ടായിരുന്ന സേഫ്റ്റി ഓഫീസർ നിശ്ചയിച്ച ഡോസ് പ്രകാരമുള്ള റേഡിയേഷൻ രോഗികൾക്ക് നൽകുന്നുണ്ട്.
ഇതോടൊപ്പം ചില ഡോക്ടർമാരെ വീട്ടിൽ ചെന്ന് കാണേണ്ടതു പോലെ കണ്ടാൽ സേഫ്റ്റി ഓഫീസർ ഇല്ലെങ്കിലും റേഡിയേഷൻ നൽകുന്നുണ്ടത്രെ. റേഡിയേഷന്റെ തോതിനെക്കുറിച്ച് ഓങ്കോളജി ഡിപ്പാർട്ടുമെന്റിലെ ഡോക്ടർമാർക്ക് അറിയാമെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്നതിനാലാണ് ഡോക്ടർമാർ ഇത് ചെയ്യാത്തത്.
പല സ്വകാര്യ ആശുപത്രികളിലും ഡോക്ടർമാർ തന്നെയാണ് രോഗികൾക്കുള്ള റേഡിയേഷന്റെ തോത് നിശ്ചയിക്കാറുള്ളതെന്നും ഡോക്ടർമാർക്കറിയുന്ന കാര്യങ്ങൾ ചെയ്യാൻ എന്തിനാണ് സേഫ്റ്റി ഓഫീസർമാരെന്നും തൃശൂർ മെഡിക്കൽ കോളജിൽ റേഡിയേഷൻ കാത്തുകിടക്കുന്ന രോഗികൾ ചോദിക്കുന്നു. ജോലിഭാരം കൂടിയെന്ന് പറഞ്ഞാണ് ഡോക്ടർമാർ ഇതിൽ നിന്നും തലയൂരിയത്.
റേഡിയേഷൻ കാത്ത് വേദനയോടെ…
പരിതാപകരമാണ് തൃശൂർ മെഡിക്കൽ കോളജിലെ കാൻസർ രോഗികളുടെ അവസ്ഥ. പലർക്കും 30 റേഡിയേഷൻ വരെ വേണ്ടി വരുന്ന രോഗികൾ ഇവിടെയുണ്ട്.ഇതിലൊന്ന് മുടങ്ങിയാൽ ആദ്യം ചെയ്തതിന്റെ ഫലം കൂടി ഇല്ലാതാകുകയും പാർശ്വഫലങ്ങളുണ്ടാവുകയും ചെയ്യും.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ റീജണൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ, എറണാകുളം ജില്ല ആശുപത്രി എന്നിവിടങ്ങളിലാണ് സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സയുള്ളത്. എറണാകുളം ജില്ല ആശുപത്രിയിൽ കാൻസർ രോഗികളുടെ ബാഹുല്യം മൂലം റേഡിയേഷൻ ചെയ്യേണ്ടവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളത് തൃശൂരിൽ നിന്നും മറ്റും റേഡിയേഷൻ തേടി എറണാകുളം ജില്ല ആശുപത്രിയിലെത്തുന്നവർക്ക് തിരിച്ചടിയായി.
സാന്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ച് രോഗികൾ വേദനസഹിക്കവയ്യാതെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി പോകുന്നുണ്ട്.