കളമശേരി: നിലവാരമില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ നിർമാണം നിർത്തിവയ്ക്കാൻ കിഫ്ബി നിർദേശം. നിർമാണം ആരംഭിച്ച ശേഷം രണ്ടു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് നിർമാണം നിർത്തിവയ്ക്കുന്നത്.
നിലവിലെ കരാർ റദ്ദാക്കി പുതിയ ടെൻഡർ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിർമാണത്തിലെ കാലതാമസത്തിനൊപ്പം നിലവാരം ഇല്ലെന്ന സാങ്കേതിക വിദഗ്ദ്ധരുടെ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് കടുത്ത നിലപാട് കിഫ്ബി സ്വീകരിച്ചത്.
നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭാഗം പൊളിഞ്ഞു വീണതിന് ശേഷം 2019 നവംബർ 28 നാണ് ആദ്യം സ്റ്റോപ്പ് മെമ്മോ കൊടുത്തത്. ആശുപത്രികളുടെ നിർമാണ രംഗത്ത് യാതൊരു മുൻ പരിചയവുമില്ലാത്ത ഇൻകെൽ എന്ന കമ്പനിയാണ് നിർമാണ ചുമതല ഏറ്റെടുത്തത്.
പി ആൻഡ് സി കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിന് നിർമാണ കരാർ നൽകി. ആരംഭഘട്ടത്തിൽ തന്നെ ഗുണമേന്മയെക്കുറിച്ച് പലർക്കും ആശങ്കയുണ്ടായിരുന്നു. അത് ശരിവച്ചുകൊണ്ട് കെട്ടിടത്തിന്റെ ഏതാനും തൂണുകൾ മറിഞ്ഞു വീഴുകയായിരുന്നു.
നിർദിഷ്ട കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനത്തിൽ ഗുരുതര വീഴ്ചയെന്ന് 2019 ഓഗസ്റ് 30ന് നിയമസഭാ എസ്റ്റിമേറ്റ് സമിതി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ഘട്ടം ഘട്ടമായി തുക അനുവദിച്ചിട്ടും അതു വിനിയോഗിക്കാത്തതിനെതിരേയും നിലവാരമില്ലാത്ത നിർമാണത്തിനെതിരേയുമാണ് എസ്. ശർമ്മ എംഎൽഎ അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
അതിനു ശേഷം 2019 നവംബർ 25നാണ് മൂന്നാം നിലയിലെ രണ്ടായിരം സ്ക്വയർ ഫീറ്റ് സ്ഥലം ഇടിഞ്ഞു വീണത്. അഞ്ച് തൊഴിലാളികൾക്കു പരിക്കും ഏറ്റിരുന്നു. നിർമാണ ചുമതലയുള്ള ഇൻകെലിനെ ഒഴിവാക്കാതെ കരാർ കമ്പനിയെ മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം.
കരാർ റദ്ദാക്കുന്നതിന്റെയും അവശേഷിക്കുന്ന പ്രവർത്തികൾ റീടെൻഡർ ചെയ്യുന്നതിന്റെയും നടപടി ക്രമങ്ങൾക്ക് വേഗതകൂട്ടാൻ ഒരു മാസത്തേക്ക് ഒന്നിടവിട്ട ദിവസത്തിൽ യോഗം ചേരാനും കിഫ്ബി-ഇൻകെൽ ധാരണയായിട്ടുണ്ട്.
ഷട്ടറിംഗ് ജോലികൾ കഴിഞ്ഞ സ്ഥലത്തെ അവശേഷിക്കുന്ന സ്ലാബുകൾ പൂർത്തിയാക്കാൻ നിലവിലെ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്.
കെട്ടിടം ഇടിഞ്ഞു വീണപ്പോൾ കരാറുകാരനെ സംരക്ഷിക്കുന്ന നിലപാട് കിഫ്ബി എടുത്തതാണ് പ്രശ്നങ്ങൾ സങ്കീർണമാക്കിയതെന്ന് കൃഷ്ണയ്യർ മൂവ്മെമെന്റ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഇതിനിടയിൽ നഷ്ടപരിഹാരം ഈടാക്കി കരാറുകാരനെ ഒഴിവാക്കാനുള്ള തീരുമാനം നിയമനടപടികളിൽ കുരുങ്ങുമെന്ന് സൂചനയുണ്ട്.
ഇതോടെ കൊച്ചിയ്ക്കൊരു ബൃഹത് കാൻസർ ചികിത്സാ കേന്ദ്രം എന്ന സ്വപ്നം ഈ സർക്കാരിന്റെ കാലത്ത് പൂവണിയില്ലെന്ന് ഉറപ്പായി.
മെഡിക്കൽ കോളജിന്റെ നാലുനില കെട്ടിടത്തിലാണ് താത്ക്കാലികമായി കാൻസർ സെന്റർ പ്രവർത്തനം തുടങ്ങിയത്.
മെഡിക്കൽ കോളജ് വിട്ടുകൊടുത്ത സ്ഥലത്ത് 379 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമാണം 2020 ജൂലൈയിൽ പൂർത്തിയാകേണ്ടിയിരുന്നതാണ്.
പക്ഷേ കോവിഡ് വൈറസ് വ്യാപനവും തുടർന്ന് ലോക്ക്ഡൗണും വന്നതോടെ പണി പകുതിപോലും പൂർത്തിയായിട്ടില്ല. ആറ് ലക്ഷം ചതുരശ്രയടി വിസ്തീർണവും എട്ട് നിലകളിലായി 360 കിടക്കളും ഉള്ള കെട്ടിട സമുച്ചയമാണ് പൂർത്തിയാക്കാനുള്ളത്.