തിരുവനന്തപുരം: കണ്ണൂരിൽ അപൂർവ രോഗം പിടിപെട്ട് കിടപ്പിലായ പെണ്‍കുട്ടിയോടൊപ്പം സെൽഫി എടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിൽ നിന്ന് സെൽഫി പ്രേമികൾ പിന്മാറണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഇത്തരം പ്രവൃത്തികൾ കുട്ടികളുടെ അവകാശത്തിന്റെ ലംഘനവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. രണ്ടു വർഷമായി അപൂർവ കാൻസർ രോഗം ബാധിച്ചു കഴിയുന്ന കുട്ടിക്ക് മലയാളികളായ മനുഷ്യസ്നേഹികൾ നിർലോഭം സഹായം നൽകുന്നത് ചാരിതാർഥ്യജനകമാണ്.
അതോടൊപ്പം കുട്ടിയുടെ സ്വകാര്യതയും അന്തസും ആത്മാഭിമാനവും സംരക്ഷിക്കേണ്ടതുമുണ്ട്. ഇത് ഓരോ പൗരന്റെയും കടമയാണെന്ന് തിരിച്ചറിയണം. ബാലനീതി നിയമങ്ങളുടെയും ഐക്യ രാഷ്ട്രസഭയുടെ ബാലാവകാശ ഉടന്പടിയുടെയും ഒക്കെ അന്തസത്തയും ഇതു തന്നെയാണ്. ഭാവിയിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്പോൾ കുട്ടികളെ സഹായിക്കുന്നതിനൊപ്പം അവരുടെ അവകാശങ്ങളെ മാനിക്കേണ്ടതുണ്ടെന്നും കമ്മീഷൻ ഓർമിപ്പിച്ചു.