ഫ്ലോറിഡ: ഫ്ലോറിഡയുടെ തീരത്ത് സ്കൂബ ഡൈവിംഗിനിടെ കടലിൽ കാണാതായ കനേഡിയൻ യുവ സംവിധായകന്റെ മൃതദേഹം കണ്ടെത്തി. കനേഡിയൻ സംവിധായകനും മറൈൻ ബ്ലോഗ് എഴുത്തുകാരനുമായ റോബ് സ്റ്റിവാർട്ടിന്റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. ഫ്ലോറിഡയിലെ കീയിസ് തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കടലിൽ 220 അടി താഴ്ചയിൽനിന്നാണ് മൃതദേഹം ലഭിച്ചത്.
ഷാർക്ക് വാട്ടർ എന്ന ഡോക്യുമെന്ററിയിലൂടെ പ്രശസ്തനാണ് റോബ്. സ്രാവിനെതിരായ ക്രൂരതകൾക്ക് അറുതിവരുത്താൻ റോബിന്റെ ഷാർക്ക് വാട്ടർ സഹായകമായി. സ്രാവിന്റെ ചിറക് അരിഞ്ഞെടുത്ത ശേഷം ജീവനോടെ കടലിൽ തള്ളുന്ന സന്പ്രദായം ലോക വ്യാപകമായി നിരോധിക്കാൻ ഈ ഒറ്റചിത്രം മൂലം സാധിച്ചു. ടൊറന്റോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. പിന്നീട് 31 ഓളം രാജ്യാന്തര പുരസ്കാരങ്ങൾ ഷാർക്ക് വാട്ടറിനു ലഭിച്ചു. ഇതിന്റെ രണ്ടാം ഭാഗത്തിനുള്ള തയാറെടുപ്പിലായിരുന്നു റോബ്.