പൂച്ചാക്കൽ: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശക്കാറ്റുയർത്തി വേറിട്ട വോട്ടഭ്യർഥന. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ യുഡിഎഫ് പിന്തുണക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി ഹബീബ് റഹ്മാന്റെ വോട്ടഭ്യർഥന ‘ഹെലികോപ്റ്ററി’ലാണ്.
ഒപ്പം പുഷ്പവൃഷ്ടിയും. സ്ഥാനാർഥിയുടെ പരസ്യബോർഡുമായി കെട്ടിട സമുച്ചയങ്ങൾക്കു മീതെ പൊങ്ങുന്ന ഹെലികോപ്റ്റർ. അതിൽ നിന്നും സ്ഥാനാർഥിയുടെ ചിത്രത്തിലേക്കു പുഷ്പവൃഷ്ടി.
കമ്പ്യൂട്ടർ ഗ്രാഫിക്സിലൂടെ തയ്യാറാക്കിയ ഹെലികോപ്റ്റർ പ്രചരണ വീഡിയോ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. ഈ ഗ്രാഫിക്സിൽ ഒതുങ്ങുന്നില്ല പ്രചാരണം.
സൗണ്ട് ഇഫക്ടുകളും വികസന സ്വപ്നങ്ങൾ പങ്കുവച്ചുള്ള വീഡിയോകളും ശ്രദ്ധനേടിയിട്ടുണ്ട്. പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗമാണു ഇത്തരം ഡിജിറ്റൽ പരസ്യ ചിത്രങ്ങൾ ഡിസൈൻ ചെയ്യുന്നതെന്നു ഹബീബ് പറഞ്ഞു.
വോട്ടർമാരുടെ ശ്രദ്ധപിടിച്ചു പറ്റാൻ വേറിട്ട തന്ത്രങ്ങളുമായി സ്ഥാനാർഥികളെത്തുമ്പോൾ സമൂഹമാധ്യമ ലോകത്തും പ്രചരണമത്സരം തകർക്കുകയാണ്.
ഇത്തരം വോട്ടഭ്യർഥനകൾ ഗ്രൂപ്പുകളിൽ നിന്നു ഗ്രൂപ്പുകളിലേക്കു വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ഓരോ ദിവസവും രാവിലെ പുതിയ ഗ്രാഫിക്കൽ പരസ്യങ്ങൾ വോട്ടർമാരിലേക്ക് എത്തുന്ന രീതിയാണു സ്ഥാനാർഥികൾ സ്വീകരിച്ചിട്ടുള്ളത്.
വരും ദിവസങ്ങളിൽ കൂടുതൽ വ്യത്യസ്തമായ പ്രചാരണരീതികളും വിവിധ സ്ഥാനാർഥികൾ വോട്ടർമാരിലേക്ക് എത്തും എന്നാണ് പ്രതീക്ഷ.