ചണ്ഡിഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ജയിച്ച സ്ഥാനാര്‍ഥികളും പരാജിതരുമെല്ലാം പ്രതികരണങ്ങളുമായി രംഗത്തെത്തുക പതിവാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടു പിന്നാലെ പൊട്ടിക്കരഞ്ഞു കൊണ്ട് മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയ പഞ്ചാബിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ അവസ്ഥയറിഞ്ഞാല്‍ ആര്‍ക്കും സഹതാപം തോന്നിപ്പോകും.
തന്റേത് ഒമ്പതംഗ കുടുംബമാണെന്നും എന്നാല്‍ തനിക്ക് ലഭിച്ചത് വെറും അഞ്ച് വോട്ട് മാത്രമാണെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. കുടുംബം തന്നെ ചതിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കാണ് വെറും അഞ്ചു വോട്ടുകള്‍ ലഭിച്ചത്. തന്റെ പരാജയത്തെ പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് ഇക്കാര്യം അറിയിച്ചത്. വോട്ടിംഗ് മെഷീനില്‍ തിരിമറി വ്യാപകമായി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇനിയൊരിക്കലും താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.