കോട്ടയം: കോട്ടയം ലോക്സഭാ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഏകദേശ ധാരണയായതോടെ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ സിപിഎമ്മിൽ തിരക്കിട്ട ചർച്ച തുടങ്ങി. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, കെ. സുരേഷ് കുറുപ്പ് എംഎൽഎ, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ്, കഴിഞ്ഞ തവണ കോട്ടയത്ത് സിപിഎം നിശ്ചയിച്ച പി.കെ.ഹരികുമാർ എന്നിവരിലാണ് ചർച്ച എത്തി നിൽക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ജില്ലാ സെക്രട്ടറി വി.എൻ.വാസവന്റെ പേരിനാണ് മൂൻതൂക്കം. മുൻ എംഎൽഎ എന്ന പരിചയമാണ് പ്രധാനം. ജില്ലാ സെക്രട്ടറി എന്ന നിലയിൽ മണ്ഡലം നിറഞ്ഞുള്ള സംഘടനാ പ്രവർത്തനവും ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. എന്നാൽ സംഘടനാ ചുമതലയുള്ളവർ മത്സരിക്കണമോ എന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയോഗത്തിനു ശേഷം മാത്രമേ തീരുമാനമാകുകയുള്ളു.
ഏറ്റുമാനൂർ എംഎൽഎയായ സുരേഷ്കുറുപ്പിന്റെ പേരും സജീവ പരിഗണനയിലാണ്. എന്നാൽ വർഷങ്ങളോളം എംപിയായിരുന്ന സുരേഷ്കുറുപ്പിനു വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കുന്നതിനോട് താത്പര്യക്കുറവാണ്. കൂടാതെ എംഎൽഎ എന്ന നിലയിൽ ഏറ്റുമാനൂരിൽ സജീവമായി നിൽക്കുകയും ചെയ്യുകയാണ്. ശബരിമല വിഷയത്തിൽ ഉൾപ്പെടെ സിപിഎമ്മുമായി അകന്നു നിൽക്കുന്ന എൻഎസ്എസിന്റെ പിന്തുണയാണ് കുറുപ്പിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.
എൻഡിഎ സ്ഥാനാർഥിയായി പി.സി.തോമസ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ ഹൈന്ദവ വോട്ടുകൾ ലക്ഷ്യം വച്ചാണ് പി.കെ.ഹരികുമാറിന്റെ പേരും ചർച്ചയിൽ ഉയർന്നത്.എന്നാൽ ഹരികുമാറും മത്സരത്തിനില്ലെന്ന നിലപാടാണ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. യുവജന നേതാവ് എന്ന നിലയിലാണ് ജയ്ക് സി.തോമസിന്റെ പേര്് ചർച്ചയിൽ ഉയർന്നത്. എസ്എഫ്ഐ പ്രസിഡന്റ് എന്ന നിലയിലും ഇപ്പോൾ യുവജന നേതാവെന്ന നിലയിൽ കോട്ടയം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളും സിപിഎമ്മിന് താത്പര്യമേറെയാണ്.
കഴിഞ്ഞ തവണ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ആർഎസ്പി മുന്നണി വിടുകയും അതിനു പിന്നാലെ ജനതാദൾ സെക്കുലറും മുന്നണി വിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതോടെയാണ് സിപിഎം സീറ്റ് ജനതാദളിന് വിട്ടു നൽകിയത്. സീറ്റ് തങ്ങൾക്കാണെന്ന് ഉറപ്പിച്ച് സിപിഎം പി.കെ.ഹരികുമാറിനെ സ്ഥാനാർഥിയാക്കുകയും പലയിടങ്ങളിലും ചുവരെഴുത്തുകൾ വരെ എഴുതുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ സ്ഥാനാർഥിയെ പിൻവലിച്ച് ജനതാദളിനു സീറ്റു നൽകിയതിൽ സിപിഎം അണികളിൽ വ്യാപക പ്രതിഷേധവും മുറുമുറുപ്പുമുണ്ടായിരുന്നു.
കഴിഞ്ഞ തവണത്തെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ ഇത്തവണ കോട്ടയം മാറി മറ്റൊരു സീറ്റാണ് ജനതാദൾ എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നത്. ഉഭയകക്ഷി ചർച്ചയിലും ജനതാദൾ ഈ ആവശ്യം മറ്റു കക്ഷികളോടും പറഞ്ഞിരുന്നു. ഇത്തവണ വിജയസാധ്യതയുണ്ടെന്ന കണക്കുമായി സിപിഎം ജില്ലാ കമ്മറ്റി സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വത്തെ നേരത്തെ സമീപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം സീറ്റ് ഏറ്റെടുക്കമെന്ന ആവശ്യം ഇന്നലെ ചേർന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നത്. മറ്റു സീറ്റുകൾ ഒന്നും ലഭിച്ചില്ലെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച കോട്ടയമെങ്കിലും വേണമെന്നാണ് ജനതാദളിന്റെ ഇപ്പോഴത്തെ ആവശ്യം എന്നാൽ ജനതാദളിന് ഇത്തവണ സീറ്റു നൽകേണ്ടെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം. വെള്ളിയാഴ്ച ജനതാദളുമായി വീണ്ടും ചർച്ചയുണ്ട്.
കോട്ടയത്തിന് പകരം പത്തനംതിട്ടയോ എറണാകുളമോ വേണമെന്നാണ് അവരുടെ ആവശ്യം. സിപിഎം പാർലമെന്റ് മണ്ഡലം കമ്മിറ്റി ഇന്നു രാവിലെ ചേർന്ന് സെക്രട്ടറിയറ്റ് തിരുമാനം വിശദീകരിച്ചു. പാർലമെന്റ് ചാർജുള്ള കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ പങ്കെടുത്തു. നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.